കൽപ്പറ്റ
‘ഏക്കും പോണം ച്ക്കൂളിൽ ’ നാരങ്ങാക്കണ്ടി പണിയ കോളനിയിലെ കൊച്ചുമുറിയിൽ ചേച്ചി മനീഷയ്ക്കൊപ്പം മൊബൈൽ ഫോണിൽ പ്രവേശനോത്സവം കാണുകയായിരുന്ന തനൂജ ചിണുങ്ങി. ‘‘ചൂക്കടല്ലാം മാറട്ടെ. എന്നിറ്റ് നമിക്കൊരുമിച്ച് പോകാം. നിനക്ക് നാനു മുഠായി വാങ്ങി തരാം.’’ ഏഴാം ക്ലാസുകാരിയുടെ പക്വതയോടെ മനീഷ അനുജത്തിയെ സാന്ത്വനിപ്പിച്ചെങ്കിലും അവളും സ്കൂളിന്റെ മനോഹര ഓർമകളിലായിരുന്നു.
തേൻ നെല്ലിക്കയും മിഠായിയും നുണഞ്ഞ് കൂട്ടുകാർക്കൊപ്പം കളിച്ച് ചിരിച്ച് സ്കൂളിൽ പോയ കാലം. നല്ല ഭക്ഷണം. സ്നേഹവും കരുതലുമുള്ള അധ്യാപകർ. പണ്ട് ചില ദിവസങ്ങളിൽ സ്കൂളിൽ പോകാതെ മടിച്ചിരുന്നത് ഓർത്തപ്പോൾ വിഷമം തോന്നുന്നുവെന്ന് സുചിത്ര.
വിദ്യാലയമുറ്റത്ത് ഓടിക്കളിക്കാതെ അധ്യാപകരെ നേരിൽ കാണാതെ രണ്ടാം അധ്യയന വർഷത്തിന് തിരശ്ശീല ഉയരുമ്പോൾ ആദിവാസി കോളനികളിലും അതിജീവനത്തിന്റെ മണിയടി മുഴങ്ങി. കഴിഞ്ഞ വർഷംതന്നെ ഓൺലൈൻ പഠനത്തിനുള്ള സൗകര്യങ്ങൾ കോളനികളിലൊരുക്കിയിരുന്നു. എന്നാൽ, വിദൂര വനഗ്രാമങ്ങളിൽ ഇന്റർനെറ്റ് വേഗത ഇല്ലാത്തതിനാൽ ചിലയിടങ്ങളിൽ പഠനം തടസ്സപ്പെടുന്നുമുണ്ട്.
കൽപ്പറ്റ നഗരസഭയിലെ നാരങ്ങാക്കണ്ടി കോളനിയിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺവരെയുള്ള 26 കുട്ടികളുണ്ട്. നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നവർ. കഴിഞ്ഞ വർഷം ഡിവൈഎഫ്ഐ പ്രവർത്തകർ കോളനിയിൽ ടി വി സ്ഥാപിച്ചതിനാൽ ഓൺലൈൻ പഠനം നടക്കുന്നുണ്ട്. എഡ്യൂക്കേഷൻ വളന്റിയർ ഷബ്നയാണ് ഇവരുടെ വഴികാട്ടി.