കണ്ണൂർ
നിയമസഭാ തെരഞ്ഞെടുപ്പിൽ തലശേരി നിയോജകമണ്ഡലത്തിലെ പത്രിക തള്ളലും തെരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലിയുള്ള തർക്കവും കണ്ണൂർ ജില്ലയിലെ ബിജെപിയിൽ വിവാദമായി പുകയുന്നു. തന്റെ പത്രിക തള്ളിപ്പോകാനുള്ള സാഹചര്യമുണ്ടായത് ചിലർ ചതിച്ചതുകൊണ്ടാണെന്ന വികാരത്തിലാണ് ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്. ഇക്കാര്യം അടുത്ത സഹപ്രവർത്തകരോട് പറയുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിയ കോടികൾ ചെലവഴിച്ചത് ഹരിദാസ് അറിഞ്ഞില്ലെന്നും പരാതിയുയർന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ഭിന്നത ഇരു വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരായി മാറുകയാണ്. വോട്ട് കുറഞ്ഞതിന്റെ പഴിയും നാമനിർദേശപത്രിക തള്ളപ്പെട്ടതുമെല്ലാം ജില്ലാ പ്രസിഡന്റിന്റെ തലയിലിട്ട് പുകച്ച് ചാടിക്കാനുള്ള ശ്രമവും ആരംഭിച്ചു. ആർഎസ്എസിലെ ഒരു വിഭാഗത്തിന്റെ ഒത്താശയോടെയാണിത്.
പത്രിക തള്ളാൻ ഇടയാക്കിയത് സ്ഥാനാർഥിയായ ജില്ലാ പ്രസിഡന്റിന്റെ പിടിപ്പുകേടാണെന്ന അഭിപ്രായത്തിലാണ് എതിർപക്ഷം. നാമനിർദേശപത്രിക പരിശോധിച്ച് ഉറപ്പിക്കാൻ പ്രസിഡന്റ് തയാറായില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. എൻ ഹരിദാസിനെ സ്ഥാനാർഥിയാക്കിയ ഉടൻ ആർഎസ്എസ് നവമാധ്യമ ഗ്രൂപ്പുകളിൽ ഉയർന്ന വിമർശനവും പത്രികതള്ളലും തമ്മിൽ ബന്ധമുണ്ടോ എന്ന ചർച്ചയുമുണ്ട്. ഡമ്മിയായി നിശ്ചയിച്ച മണ്ഡലം പ്രസിഡന്റ് പത്രിക നൽകാതിരുന്നതും സംശയാസ്പദമാണ്.
കോടികൾക്ക്
കണക്കില്ല
തെരഞ്ഞെടുപ്പിനായി കർണാടകവഴിയെത്തിയ കോടികൾ വിതരണം ചെയ്തതിനും ചെലവഴിച്ചതിനും കണക്കില്ലെന്ന വിമർശവുമുണ്ട്. 6.4 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വിതരണത്തിനെത്തിയത്. ഈ സമയം ചികിത്സയിലായിരുന്ന ജില്ലാ പ്രസിഡന്റിനെ അറിയിക്കാതെയാണ് ഇടപാട് നടന്നത്. കൊടകര കുഴൽപ്പണക്കേസ് ഉയർന്ന സാഹചര്യത്തിൽ പരസ്യവിമർശനത്തിന് ആരും തയാറായില്ല. കൊടകര കേസിൽ ആർഎസ്എസ് നേതാവിന്റെ അയൽക്കാരനായ പാമ്പിൻവിഷക്കടത്ത് കേസ് പ്രതി സുജീഷ് പിടിയിലായിരുന്നു.