തിരുവനന്തപുരം
പൊതുവിദ്യാലയങ്ങളിൽ ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത കുട്ടികൾ നാൽപ്പതിനായിരത്തോളം. സമഗ്രശിക്ഷാ കേരള (എസ്എസ്കെ) നടത്തിയ പഠനത്തിലാണ് പിന്നോക്കമേഖലയിൽ നാമമാത്രമായ കുട്ടികൾക്ക് വീട്ടിൽ ടെലിവിഷൻ, സ്മാർട്ട്ഫോൺ, ലാപ്ടോപ് എന്നിവയിൽ ഏതെങ്കിലും ഒന്നെങ്കിലും ഇല്ലെന്ന് കണ്ടെത്തിയത്. സ്കൂളുകളിൽ പ്രവേശനം തുടരുന്നതിനാൽ അന്തിമ കണക്കിൽ നേരിയ വ്യത്യാസം വന്നേക്കാം. കഴിഞ്ഞ വർഷം മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾക്ക് ഇവ ആദ്യം ലഭ്യമായിരുന്നില്ല. കേരളത്തിലെ പൊതു സമൂഹം ഇതൊരു ചലഞ്ചായി ഏറ്റെടുത്ത് സന്നദ്ധ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠന സൗകര്യം ഉറപ്പാക്കി. നാടൊന്നാകെ ഏറ്റെടുത്ത ഈ പ്രവർത്തനം ലോകത്തിനാകെ മാതൃകയായിരുന്നു.
പൊതുപഠന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും
പൊതുവിദ്യാലയങ്ങളിൽ ഒരു ശതമാനത്തിൽ താഴെ വിദ്യാർഥികൾക്ക് മാത്രമാണ് പഠനോപകരണങ്ങളില്ലാത്തതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ചുരുങ്ങിയ ദിവസത്തിനകം ജനകീയ സഹകരണത്തോടെ കുട്ടികൾക്ക് ഇവ ലഭ്യമാക്കാനാകുമെന്നും എസ്എസ്കെ ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ പറഞ്ഞു. പഠന റിപ്പോർട്ട് പൊതുവിദ്യാഭ്യാസ മന്ത്രിക്ക് നൽകി. പിന്നോക്ക മേഖലയിലെ വിദ്യാർഥികൾക്കായി എസ്എസ്കെ കഴിഞ്ഞ വർഷം ആരംഭിച്ച 1000 പൊതുപഠന കേന്ദ്രം ഈ വർഷം കൂടുതൽ ശക്തിപ്പെടുത്തും. ഇന്റർനെറ്റ് സംവിധാനം തടസ്സമാകുന്ന പിന്നോക്ക പ്രദേശങ്ങളിലും ഡിജിറ്റൽ പഠനരീതികളോട് താദാത്മ്യം പ്രാപിക്കാനാകാത്ത കുട്ടികളെയും പൊതുപഠന കേന്ദ്രത്തിലെത്തിക്കുമെന്നും എസ്എസ്കെ ഡയറക്ടർ പറഞ്ഞു.