ന്യൂഡൽഹി
മെയ് മാസത്തില് ഇന്ത്യയില് റിപ്പോര്ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ലോകത്ത് ഏറ്റവും ഉയർന്നത്. ഒറ്റമാസത്തെ രോഗസംഖ്യ 90.25 ലക്ഷം, മരണം 1.19 ലക്ഷം. കോവിഡ് ഏറ്റവും രൂക്ഷമായിരുന്ന യുഎസിലും ബ്രസീലിലും പോലും ഒറ്റമാസം ഇത്ര രോഗികളും മരണവും ഉണ്ടായില്ല. യുഎസില് ഏറ്റവും കൂടുതല് രോഗികള്‍ ഡിസംബറില്–- 65.3 ലക്ഷം. ഇന്ത്യയിൽ കഴിഞ്ഞ ഏപ്രിലിൽ രോഗസംഖ്യ 69.4 ലക്ഷം ആയി. എന്നാല്, മെയില് 30 ശതമാനം വര്ധനയുണ്ടായി. ഏപ്രിലിൽ മരണം 48764, തൊട്ടടുത്തമാസം രണ്ടര ഇരട്ടിയോളം വർധന. യുഎസിൽ കൂടുതൽ മരണം ജനുവരിയില്–- 99680. ബ്രസീലിൽ ആഗസ്തിൽ 82401മരണം.
എന്നാല്, മെയ് ഒന്നിനെ അപേക്ഷിച്ച് മെയ് 31ന് പ്രതിദിന കേസുകളിൽ 63 ശതമാനം ഇടിവുണ്ടായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് ഒന്നിന് രോഗികള്‍ 4.01 ലക്ഷം, മെയ് 31ന് 1.52 ലക്ഷം. ചികിത്സയിലുള്ളവരുടെ എണ്ണം 38 ശതമാനം കുറഞ്ഞു. മെയ് 1 ന് 32.68 ലക്ഷം പേർ ചികിത്സയിൽ. മെയ് 31ന് 20.26 ലക്ഷമായി എണ്ണം കുറഞ്ഞു. കേരളത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 47 ശതമാനം കുറഞ്ഞു. ഡൽഹിയിൽ പ്രതിദിനരോഗസംഖ്യ 96.5 ശതമാനവും ചികിത്സയിലുള്ളവരുടെ എണ്ണം 87.8 ശതമാനവും കുറഞ്ഞു.
കുത്തിവയ്പ് ദിവസേന
ഒരുകോടിയാക്കുമെന്ന്
രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായി ഒരാഴ്ച അഞ്ച് ശതമാനത്തിൽ താഴെ തുടരുന്നതുവരെയും പ്രായമായവർ, മറ്റ് അസുഖക്കാർ എന്നീ വിഭാഗക്കാരില് 70 ശതമാനത്തിനും വാക്സിൻ ലഭിക്കുന്നതുവരെയും നിയന്ത്രണ നടപടി തുടരണമെന്ന് കേന്ദ്ര സർക്കാർ. ജൂലൈ അവസാനമോ ആഗസ്ത് ആദ്യമോ പ്രതിദിന കുത്തിവയ്പ്പ് ഒരു കോടിയിലേക്ക് ഉയരുമെന്നും ഡിസംബറോടെ വാക്സിനേഷൻ പൂര്ത്തിയാക്കാനാകുമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. 344 ജില്ലകളിൽ രോഗസ്ഥിരീകരണം അഞ്ച് ശതമാനത്തിൽ താഴെയായി. മിക്കസംസ്ഥാനത്തും രോഗസംഖ്യ താഴുന്നു. മെയ് ഏഴിന് രോഗസംഖ്യ പാരമ്യത്തിലെത്തിയ ശേഷം 69 ശതമാനം ഇടിവുണ്ടായി.
റഷ്യയിൽ നിന്ന് 30 ലക്ഷം ഡോസ് സ്പുട്നിക് വാക്സിൻ കൂടി ഹൈദരാബാദിലെത്തി. രാജ്യത്തേക്ക് ഇത്രയധികം വാക്സിൻ ഒറ്റയടിക്ക് ഇറക്കുമതി ചെയ്യുന്നത് ആദ്യം. ജൂൺ രണ്ടാം വാരം മുതൽ സ്പുട്നിക് കുത്തിവയ്പ്പ് തുടങ്ങുമെന്ന് അപ്പോളോ ആശുപത്രി മാനേജ്മെന്റ് അറിയിച്ചിരുന്നു. ബ്ലാക്ക് ഫംഗസ് കൂടുതലായി റിപ്പോർട്ടുചെയ്യപ്പെടുന്നതിനാല് ആംഫോടെറിസിൻ–- ബിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. ഹരിയാനയിൽ ബ്ലാക്ക് ഫംഗസ് മരണം 75 കടന്നു.