കൊച്ചി
സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവർത്തിച്ച് പറഞ്ഞ കേസിലാണ് യുഎഇ കോൺസുലേറ്റ് അധികൃതരെ പ്രതിചേർക്കാൻ ഇപ്പോൾ വിദേശമന്ത്രാലയം അനുമതി നൽകിയത്. യുഎഇ കോൺസൽ ജനറലിന്റെപേരിൽ എത്തിയ നയതന്ത്ര ബാഗേജിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത് എന്നതുകൊണ്ടുതന്നെയാണ് അവരെ പ്രതിചേർക്കാൻ വിദേശമന്ത്രാലയം അനുമതി നൽകിയത്.
സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്നാണ് കേസിന്റെ തുടക്കംമുതൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാദം. അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും ബിജെപി നേതൃത്വത്തിലേക്കും നീണ്ടതോടെ വാർത്താസമ്മേളനം വിളിച്ചുപോലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. അതിനുപിന്നാലെയാണ് അറ്റാഷെ കേരളം വിട്ടത്. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിൽ എത്തിയാണ് അദ്ദേഹം യുഎഇയിലേക്ക് വിമാനം കയറിയത്. ഇപ്പോൾ കോൺസൽ ജനറലിനെയും അറ്റാഷെയെയും കേസിൽ പ്രതിചേർക്കാൻ വിദേശമന്ത്രാലയം കസ്റ്റംസിന് അനുമതി നൽകിയതോടെ വി മുരളീധരന്റെ വാദങ്ങൾ എന്തിനുവേണ്ടിയായിരുന്നെന്ന ചോദ്യമുയരുന്നു.
ബാഗേജ് പിടികൂടിയതിനുപിന്നാലെ കൊൺസൽ ജനറലിനെയും അറ്റാഷെയെയും ചോദ്യം ചെയ്യാനുള്ള അപേക്ഷ കസ്റ്റംസ് വിദേശമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ അതിൽ തീരുമാനമുണ്ടായില്ല. ആദ്യം അറസ്റ്റിലായ പ്രധാന പ്രതികളിൽനിന്നു ലഭിച്ച വിവരവും ബാഗേജ് എത്തിയതിനുപിന്നാലെ കൊൺസുലേറ്റിൽനിന്നുണ്ടായ ഇടപെടലുകളും പരിഗണിച്ചായിരുന്നു കസ്റ്റംസിന്റെ ആവശ്യം. കേസ് ആദ്യം അന്വേഷിച്ച കസ്റ്റംസ് ജോയിന്റ് കമീഷണർ അനീഷ് കെ രാജന്റെ അഭ്യർഥനപ്രകാരം കസ്റ്റംസ് കമീഷണർ (പ്രിവന്റീവ്) ആണ് മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. എന്നാൽ കേസന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തിൽ ജോയിന്റ് കമീഷണറെ അടിയന്തരമായി സ്ഥലം മാറ്റി.
സ്വർണക്കടത്തുകേസ് പ്രതികൾക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചൊദ്യത്തിന് മറുപടി പറഞ്ഞതിന്റെപേരിലായിരുന്നു അത്. കോൺസൽ ജനറലിന്റെപേരിൽ വന്ന ബാഗേജായതിനാൽ അദ്ദേഹത്തിന്റെ വിശദീകരണം ലഭിക്കാതെ കേസിന് മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണ്. ബാഗേജ് തന്റെതുതന്നെയാണെന്ന് കോൺസൽ ജനറൽ കസ്റ്റംസ് കാർഗോ ഹൗസിലെത്തി സാക്ഷ്യപ്പെടുത്തിയിരുന്നു. ഇരുവരിൽനിന്നും വിശദീകരണം തേടിയശേഷം പ്രതിചേർത്താലും അറസ്റ്റിന് യുഎഇ അനുമതി നൽകിയേക്കില്ല. അങ്ങനെവന്നാൽ കസ്റ്റംസ് എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. കേസിലെ മറ്റുപ്രതികൾക്കെതിരെ കൊഫേപോസ ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. സ്വർണം കണ്ടുകെട്ടി കള്ളക്കടത്ത് സ്വർണത്തിന്റെ മൂല്യമനുസരിച്ച് പ്രതികളിൽനിന്ന് പിഴയൊടുക്കി കേസ് അവസാനിപ്പിക്കലാണ് സാധാരണ കസ്റ്റംസ് രീതി.