ഇറ്റലി
യോഗ്യതാ ഘട്ടത്തിൽ 10 കളിയിൽ 10 ജയം. ടോപ് സ്കോറർ: ആന്ദ്രേ ബെലോട്ടി (5 ഗോൾ).
യൂറോയിലെ മികച്ച പ്രകടനം: ചാമ്പ്യൻമാർ (1968).
2016ലെ പ്രകടനം: ക്വാർട്ടർ ഫൈനൽ, ജർമനിയോട് ഷൂട്ടൗട്ടിൽ തോറ്റു.
പരിശീലകൻ: റോബർട്ടോ മാൻസീനി. മികച്ച കളിക്കാരനായിരുന്ന മാൻസീനിക്ക്, അക്കാലത്ത് ഒരു കിരീട നേട്ടത്തിൽ പോലും ഭാഗമാകാൻ കഴിഞ്ഞില്ല. പരിശീലക കുപ്പായത്തിൽ ഇറ്റലി, ഇംഗ്ലണ്ട്, തുർക്കി ലീഗ് ഫുട്ബോളിൽ നേട്ടങ്ങളുണ്ടാക്കി. മാൻസീസിനിക്ക് കീഴിൽ മികച്ച ഒരുക്കമായിരുന്നു ഇക്കുറി ഇറ്റലിക്ക്.
പ്രധാന താരം: മാർകോ വെറാട്ടി. ക്ലബ്ബ് ഫുട്ബോളിലെ മിന്നുന്ന പ്രകടനം ദേശീയ ടീമിൽ ആവർത്തിക്കാൻ വെറാട്ടിക്ക് കഴിയാറില്ല. ഇക്കുറി ഈ മധ്യനിരക്കാരൻ ആ പേരുദോഷം മാറ്റാനുള്ള ഒരുക്കത്തിലാണ്. ഇക്കുറി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം നടത്തി.
ശ്രദ്ധേയ താരം: ജിയാൻല്യൂജി ദൊന്നരുമ്മ
ഇരുപത്തിരണ്ടുകാരനായ ദൊന്നരുമ്മയുടെ ആദ്യ പ്രധാന ടൂർണമെന്റാണിത്. വിഖ്യാത ഗോൾ കീപ്പർ ജിയാൻല്യൂജി ബുഫണിന്റെ പകരക്കാരനയാണ് ദൊന്നരുമ്മ ഇറ്റാലിയൻ ഗോൾ വലയ്ക്ക് മുന്നിൽ എത്തുന്നത്. ആദ്യ മത്സരം: 11ന് തുർക്കിക്കെതിരെ.
തുർക്കി
യോഗ്യതാ ഘട്ടത്തിൽ 7 ജയം, 2 സമനില, 1 തോൽവി.
ടോപ് സ്കോറർ: സെൻക് ടോസുൺ (5 ഗോൾ).
മികച്ച പ്രകടനം: സെമി (2008)
2016ലെ പ്രകടനം: ഗ്രൂപ്പ് ഘട്ടം
പരിശീലകൻ: സെനോൽ ഗ്യുനെസ്. ട്രാബ്സോൺസ്പൊർ ക്ലബ്ബിന്റെ ഗോൾ കീപ്പറായിരുന്ന ഗ്യുനെസ് ആറ് തുർക്കി ലീഗ് കിരീട നേട്ടത്തിൽ പങ്കാളിയായി. 2002 ലോകകപ്പിൽ തുർക്കിയെ മൂന്നാം സ്ഥാനത്തെത്തിച്ച പരിശീലകൻ.
പ്രധാന താരം: ബുറാക് യിൽമസ്. മുപ്പത്തഞ്ചുകാരനായ യിൽമസ് ആണ് തുർക്കിയുടെ പ്രധാന ഗോളടിക്കാരൻ. തുർക്കിയുടെ മികച്ച രണ്ടാമത്തെ ഗോൾ വേട്ടക്കാരനാണ് യിൽമസ്. ഫ്രഞ്ച് ലീഗിൽ ലില്ലെയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
ശ്രദ്ധേയ താരം: ഒസാൻ ടുഫാൻ. ബോക്സ് ടു ബോക്സ് മധ്യനിരക്കാരനാണ് ടുഫാൻ. ഫെനെർബാഷെ താരമായ ഈ ഇരുപത്താറുകാരൻ ടീമിലെ കളിയാസൂത്രകനാണ്.ആദ്യ മത്സരം: 11ന് ഇറ്റലിക്കെതിരെ
വെയ്ൽസ്
യോഗ്യതാ ഘട്ടത്തിൽ 4 ജയം, 2 സമനില, 2 തോൽവി.
ടോപ് സ്കോറർ: ഗാരെത് ബെയ്ൽ, കീഫർ മൂർ, ആരോൺ റാംസെ (2 വീതം ഗോൾ).
മികച്ച പ്രകടനം: സെമി (2016).2016ലെ പ്രകടനം: സെമി, പോർച്ചുഗലിനോട് 0‐2ന് തോറ്റു
പരിശീലകൻ: റോബർട്ട് പേജ്. മുൻ പ്രതിരോധ താരമായ പേജ് വാറ്റ്ഫോർഡ്, ഷെഫീൽഡ് യുണൈറ്റഡ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. വെയ്ൽസിന്റെ അണ്ടർ 21 പരിശീലകനായി തുടങ്ങി.
പ്രധാന താരം: ഗാരെത് ബെയ്ൽ. വെയ്ൽസ് ടീമിലെ സൂപ്പർ താരം. കളത്തിൽ ടീമിനെ പ്രചോദിപ്പിക്കാൻ കഴിവുള്ള താരമാണ് ബെയ്ൽ. 2006ലായിരുന്നു അരങ്ങേറ്റം.
ശ്രദ്ധേയ താരം: ഏദൻ അന്പടു. മധ്യനിരയിലും പ്രതിരോധത്തിലും തിളങ്ങാൻ കഴിയുന്ന താരമാണ് ഈ ഇരുപതുകാരൻ. പന്ത് നിയന്ത്രണത്തിലും മിടുക്കൻ. ആദ്യ മത്സരം: 12ന് സ്വിറ്റ്സർലൻഡുമായി
സ്വിറ്റ്സർലൻഡ്
യോഗ്യതാ ഘട്ടത്തിൽ 5 ജയം, 2 സമനില, 1 തോൽവി.
ടോപ് സ്കോറർ: സെഡ്രിക് ഇട്ടൻ (3 ഗോൾ).
മികച്ച പ്രകടനം: പ്രീ ക്വാർട്ടർ (2016). 2016ലെ മികച്ച പ്രകടനം: പ്രീ ക്വാർട്ടർ, പോളണ്ടിനോട് ഷൂട്ടൗട്ടിൽ തോറ്റു
പരിശീലകൻ: വ്ളാദിമിർ പെട്കോവിച്ച്. 2014ലാണ് സ്വിസ് ടീമിന്റെ പരിശീലകനായി പെട്കോവിച്ച് ചുമതലയേൽക്കുന്നത്. പ്രധാന ടൂർണമെന്റുകളിലെല്ലാം ടീമിന് യോഗ്യത നേടികൊടുക്കാനായി.
പ്രധാന താരം: ഗ്രാനിത് ഷാക്ക. സ്വിസ് ടീമിന് ഒത്തിണക്കം നൽകുന്നത് ഷാക്കയുടെ കളിമികവാണ്. ഇക്കുറിയും ഷാക്കയാണ് സ്വിസിന്റെ കരുത്ത്.
ശ്രദ്ധേയ താരം: ബ്രീൽ എംബോളോ.പരിക്കിനുശേഷം തിരിച്ചെത്തിയ ഈ ഇരുപത്തിനാലുകാരൻ ഗോളടിയിൽ മിടുക്കനാണ്. ജർമൻ ക്ലബ്ബ് ബൊറൂസിയ മോൺചെൻഗ്ലാദ്ബായുടെ കരുത്തനായ മുന്നേറ്റക്കാരൻ കൂടിയാണ് എംബോളോ.ആദ്യ മത്സരം: 12ന് വെയ്ൽസുമായി