ന്യൂഡൽഹി
അലോപ്പതി ചികിത്സയ്ക്കും ഡോക്ടർമാർക്കുമെതിരെ യോഗ അഭ്യാസി ബാബ രാംദേവ് നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ റസിഡന്റ് ഡോക്ടർമാർ രാജ്യവ്യാപക കരിദിനം ആചരിച്ചു. ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. രാംദേവ് നിരുപാധികം മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷന്റെ (ഫോർഡ) നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടർമാർ പ്രതിഷേധത്തിന്റെ ഭാഗമായി. രാംദേവിന്റെ വികലപ്രസ്താവന ആളുകളെ വാക്സിൻ സ്വീകരിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുമെന്നും ആരോഗ്യപ്രവർത്തകർക്കെതിരെ അക്രമങ്ങൾക്ക് വഴിവയ്ക്കുമെന്നും ഫോർഡ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഐഎംഎ ഗുജറാത്ത് ഘടകം രാംദേവിനെതിരെ പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് കേസെടുത്തിട്ടില്ല. കോവിഡിനുള്ള അലോപ്പതിമരുന്ന് കഴിച്ച് ലക്ഷങ്ങൾ മരിച്ചെന്ന പ്രസ്താവന പ്രതിഷേധത്തെതുടർന്ന് രാംദേവിന് പിൻവലിക്കേണ്ടിവന്നിരുന്നു.