ലിമ
കോവിഡ് ബാധിച്ച് പെറുവിൽ ജീവൻ നഷ്ടമായവർ 1,80,764 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. തിങ്കളാഴ്ചവരെ 69,342 പേർ മരിച്ചുവെന്നായിരുന്നു കണക്കുണ്ടായിരുന്നത്.
ചൊവ്വാഴ്ച പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വച്ചാണ് ഈ കണക്ക് ഇരട്ടിയിലധികമാക്കി തിരുത്തിയത്. രാജ്യത്തെ കോവിഡ് മരണത്തെക്കുറിച്ച് പഠനം നടത്തിയ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 3.26 കോടി ജനസംഖ്യയുള്ള പെറുവിൽ രോഗബാധിതരുടെ എണ്ണം നിലവിൽ 19.55 ലക്ഷമാണ്. കോവിഡ് മരണം നിശ്ചയിക്കുന്ന മാനദണ്ഡത്തിൽ മാറ്റം വരുത്തിയതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് ആരോഗ്യമന്ത്രി ഓസ്കാർ ഉഗാർടെ പറഞ്ഞു.
ലാറ്റിൻ അമേരിക്കയിൽ കോവിഡ് മരണത്തിൽ മൂന്നാമതാണ് പെറു. ലോകത്ത് അഞ്ചാമതും. ബ്രസീൽ(4,62,966), മെക്സിക്കോ(2,23,568) എന്നീ രാജ്യങ്ങളിലാണ് ലാറ്റിൻ അമേരിക്കയിൽ കൂടുതൽ മരണം.