തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെ നാളെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുക. തൃശ്ശൂർ പോലീസ് ക്ലബ്ബിലാകും ചോദ്യം ചെയ്യൽ.
കേസിൽ കഴിഞ്ഞ ദിവസങ്ങളിലായി ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പണവുമായി വന്ന ധർമരാജനും സംഘത്തിനും ഹോട്ടൽ മുറി ബുക്ക് ചെയ്ത് നൽകിയത് തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഓഫീസ് സെക്രട്ടറിയായ സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ അദ്ദേഹമത് പോലീസിനോട് സ്ഥിരീകരിക്കുകയും ചെയ്തതായാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ബിജെപിക്ക് വേണ്ടിയല്ല പണം കൊണ്ടുവന്നതെന്ന് നേതൃത്വം പറയുമ്പോഴും നേതാക്കൾ ഇടപ്പെട്ട് എന്തിനാണ് പണം കൊണ്ടുവന്നവർക്ക് സൗകര്യം ചെയ്ത് നൽകിയതെന്ന ചോദ്യമാണ് ഉയരുന്നത്.