തൃശൂര് > ഫേസ്ബുക്ക് വിമര്ശനത്തിന്റെ പേരില് സഹപ്രവര്ത്തകനെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസ്. ഒബിസി മോര്ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്പ്പു നല്കിയ പരാതിപ്രകാരം ജില്ലാ ജനറല് സെക്രട്ടറി അഡ്വ. കെ ആര് ഹരിക്കെതിരെയാണ് തൃശൂര് വെസ്റ്റ് പൊലീസ് കേസെടുത്തത്.
ഫോണിലൂടെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനും അസഭ്യംവിളിച്ചതിനുമുള്ള വകുപ്പുകള് ചേര്ത്താണ് കേസ്. ഫേസ്ബുക്ക് പോസ്റ്റിനെ തുടര്ന്ന് റിഷി പല്പ്പുവിനെ ബിജെപിയില്നിന്ന് തിങ്കളാഴ്ച പുറത്താക്കി. ഇതേത്തുടര്ന്ന് ബിജെപിയില് ചേരിപ്പോര് രൂക്ഷമായി.
കുഴല്പ്പണക്കേസിലും കത്തിക്കുത്ത് കേസിലും നാണംകെട്ട ബിജെപി ജില്ലാകമ്മിറ്റി പിരിച്ചുവിടണമെന്ന് റിഷി പല്പ്പു ഫേസ്ബുക്കില് പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്ന്നായിരുന്നു വധഭീഷണി. കേസില് റിഷി പല്പ്പുവിനെയും കെ ആര് ഹരിയെയും വെസ്റ്റ് പൊലീസ് ചൊവ്വാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. റിഷി പല്പ്പു പരാതിയില് ഉറച്ചുനിന്നു.
കുഴല്പ്പണക്കടത്തിനെ വിമര്ശിച്ച വാടാനപ്പള്ളിയിലെ ബിജെപി പ്രവര്ത്തകന് ഹിരണിനെ കഴിഞ്ഞ ദിവസം എതിര്വിഭാഗം കുത്തിക്കൊലപ്പെടുത്താന് ശ്രമിച്ചിരുന്നു. കേസില് നാലു ബിജെപിക്കാര് അറസ്റ്റിലായി.
നേതാക്കള് കുഴല്പ്പണം തട്ടിയെടുക്കാന് ശ്രമിച്ച് പാര്ടിയെ നാണം കെടുത്തിയതായാണ് റിഷി പല്പ്പു സമൂഹമാധ്യമങ്ങളില് പ്രതികരിച്ചത്. ‘കുഴല്പ്പണക്കേസില് പ്രതികരിച്ച സഹപ്രവര്ത്തകനെ കുത്തി കുടല് മാല പുറത്തെടുത്തിരിക്കുകയാണ്. കുഴല്പ്പണതട്ടിപ്പിനും അക്രമത്തിനുമുണ്ട് ഗ്രൂപ്പ് തിരിഞ്ഞു പോരാട്ടം. പാര്ടി പൂജ്യമായതില് അയല്പക്കത്തേക്ക് നോക്കേണ്ട കാര്യമില്ല. സിപിഎമ്മിനെ അലാറം വച്ച് തെറിവിളിക്കുമ്പോള് സ്വന്തം പാര്ടിയിലേക്കും നോക്കണം’ എന്നായിരുന്നു വിമര്ശം.
റിഷി പല്പ്പുവിനെ പുകച്ചു പുറത്തുചാടിച്ചതിനു പിന്നില് ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാറാണെന്ന് എതിര്വിഭാഗം ആരോപിച്ചു. റിഷി പല്പ്പുവിനെതിരെ സംസ്ഥാന പ്രസിഡന്റിന് പരാതി നല്കിയത് അനീഷാണ്. റിഷി സാമ്പത്തിക തട്ടിപ്പുകള് നടത്തിയതായി ആരോപിച്ചായിരുന്നു പരാതി.
അതിനിടെ ഇരുവിഭാഗങ്ങളും നവമാധ്യമങ്ങളില് പോര്വിളി തുടരുകയാണ്. കുഴല്പ്പണക്കേസില് സംസ്ഥാനനേതാവ് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി ബിജെപി നേതാക്കള്ക്ക് ബന്ധമുള്ളതായി പറഞ്ഞതാണ് വിഷയം വഷളാക്കിയതെന്ന് ഒരു വിഭാഗം പറയുന്നു. ജില്ലാ ഔദ്യോഗിക വിഭാഗത്തെ ഒതുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്, കേസില് ചോദ്യംചെയ്യാന് വിളിച്ചവര്ക്കൊപ്പം കൊടിവച്ച കാറില് ബിജെപി ജില്ലാ പ്രസിഡന്റ് എത്തിയതാണ് പാര്ടിയെ പ്രതിരോധത്തിലാക്കിയതെന്ന് മറുവിഭാഗം ആരോപിക്കുന്നു.