തിരുവനന്തപുരം > തിരുവനന്തപുരം നഗരസഭയില് കോണ്ഗ്രസ് അനൂകൂല ജീവനക്കാരുടെ സംഘടനയില് നിന്നും സംസ്ഥാന നേതാക്കളടക്കം 25 പേര് രാജിവച്ച് ഇടതുപക്ഷ സംഘടനയില് ചേര്ന്നു. കോണ്ഗ്രസ് അനുകൂല സംഘടനയായ കേരള മുനിസിപ്പല് ആന്റ് കോര്പ്പറേഷന് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗങ്ങള്, യൂണിറ്റ് സെക്രട്ടറി ഉള്പ്പെടെയുള്ളവരാണ് രാജിവച്ചത്.
കോര്പ്പറേഷനില് ആകെയുണ്ടായിരുന്ന 27 പേരില് 25 പേരും രാജിവച്ചു. നഗരസഭ സെക്രട്ടറിയുടെ പിഎ കെ രാജഗോപാല്, അക്കൗണ്ട്സ് ഓഫീസര് ജയകുമാര്, ഹെല്ത്ത് സൂപ്പര്വൈസര് പ്രകാശ്, പ്രോജക്ട് ഓഫീസര് അജികുമാര്, ഹെല്ത്ത് ഇന്സ്പെക്ടര് സുജിത് സുധാകര് അടക്കം 25 പേരോളം അസോസിയേഷന് പ്രവര്ത്തകരാണ് രാജിവച്ച് ഇടത് അനുകൂല സംഘടനയായ കേരള മുനിസിപ്പല് ആന്റ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയ (KMCSU) നില് ചേര്ന്നത്. കോണ്ഗ്രസ് അനുകൂല അസോസിയേഷന്, ജീവനക്കാരുടെ ആവശ്യങ്ങള്ക്ക് മുഖം തിരിഞ്ഞ് നില്ക്കുകയും അതിനെതിരെ പ്രതികരിക്കുന്നവരെ ഒഴിവാക്കുകയും ചെയ്ത നിലപാടില് പ്രതിഷേധിച്ചും, നഗരസഭ മേഖലയില് പൊതു സര്വ്വീസ് രൂപീകരണം നടപ്പിലാക്കിയ ഇടതു ഗവണ്മെന്റിന് പിന്തുണ പ്രഖ്യാപിച്ചുമാണ് പ്രവര്ത്തകര് യൂണിയനില് ചേര്ന്നത്.
കോര്പ്പറേഷന് അങ്കണത്തില് ചേര്ന്ന യോഗം മുന്മന്ത്രിയും എം.എല്.എ യുമായ കടകംപള്ളി സുരേന്ദ്രന് ഉത്ഘാടനം ചെയ്തു. യൂണിയനില് ചേര്ന്നവരെ കടകംപള്ളി സുരേന്ദ്രന് ചുവപ്പ് ഹാരമണിയിച്ചു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് ശക്തിപ്പെടുമ്പോള് എല്ലാ തൊഴില് സ്ഥാപനങ്ങളിലും തൊഴിലാളികള്ക്ക് അവരുടെ ആവശ്യങ്ങള് നേടിയെടുക്കുന്നതിന് സംഘടനയ്ക്കേ കഴിയൂ എന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സര്ക്കാര് നഗരസഭ മേഖലയില് നടത്തുന്ന പ്രവര്ത്തനങ്ങള് ജീവനക്കാര്ക്ക് കൂടുതല് കരുത്ത് പകരുന്നതാണ്. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള് അനുഭാവപൂര്വ്വം പരിഗണിക്കുന്ന സര്ക്കാരാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.
ചടങ്ങില് യൂണിറ്റ് പ്രസിഡന്റ് എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.യു ജനറല് സെക്രട്ടറി പി.സുരേഷ്, സെക്രട്ടറിയേറ്റംഗം എസ്.എസ്.മിനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒ.ബിജി, ആര്.സി.രാജേഷ്, ജയകുമാര് എന്നിവര് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.എസ്.സന്തോഷ്കുമാര് സ്വാഗതം പറഞ്ഞു. അസോസിയേഷന് യൂണിറ്റിന് നഗരസഭ അനുവദിച്ച് നല്കിയ ഓഫീസ് മുറി പൂട്ടി താക്കോല് നഗരസഭ സെക്രട്ടറിക്ക് കൈമാറി.