ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആറ് പോലീസുകാരെ പിരിച്ചുവിടാൻ തീരുമാനം. ആറ് പേരെയും പ്രോസിക്യൂട്ട് ചെയ്യാനും നിർദേശം നൽകി. ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസുകാരെ സർവീസിൽ നിന്നു പിരിച്ചുവിടാൻ ഡിജിപിക്ക് നിർദേശം നൽകിയതായും സർക്കാർ നിയമസഭയിൽ അറിയിച്ചു. പ്രതികളായ എസ്ഐ സാബു, എഎസ്ഐ റോയ്, ഡ്രൈവർ നിയാസ്, സി.പി.ഒ ജിതിൻ, റെജിമോൻ, ഹോംഗാർഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചുവിടുക. കേസിൽ ഉൾപ്പെട്ട അഞ്ച് പോലീസുകാർക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടർമാർക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി. കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കൾക്കും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. 2019ലാണ് രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. content highlights:nedunkandam custody death case six policemen to be dismissed