കൊൽക്കത്ത
പരാജയപാഠം ഉൾക്കൊണ്ട് തെറ്റുതിരുത്തി ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പോരാട്ടത്തിലൂടെ പാർടിയെ ശക്തിപ്പെടുത്തുമെന്ന് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി. പരാജയ കാരണത്തെക്കുറിച്ച് ബ്രാഞ്ച്തലംമുതൽ ജനങ്ങളിൽനിന്ന് വിവരം ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പാർടിയെ സംഘടനാപരമായും ജനകീയമായും കൂടുതൽ ശക്തമാക്കാൻ നടപടികൾക്ക് രൂപംനൽകുമെന്നും ദ്വിദിന ഓൺലൈൻ സംസ്ഥാനസമിതി യോഗത്തിനുശേഷം പ്രസ്താവനയിൽ പറഞ്ഞു.
ശക്തമായ ഭരണവിരുദ്ധവികാരമുണ്ടായിരുന്നെങ്കിലും വർഗീയ ചേരിതിരിവ് സൃഷ്ടിച്ച ബിജെപിയുടെ ശക്തമായ പ്രചാരണവും അതിനെതിരെ തൃണമൂൽ പ്രാദേശിക വികാരം ഇളക്കിവിട്ട് നടത്തിയ പ്രചാരണവും യഥാർഥ ജനകീയ വിഷയങ്ങൾക്ക് പ്രാധാന്യം കിട്ടാത്ത സ്ഥിതിയുണ്ടാക്കി.
വർഗീയ, പ്രാദേശിക വികാരം ശക്തമായതോടെ ബദൽ പരിപാടിയിലൂന്നി ജനകീയ സർക്കാരുണ്ടാക്കാനുള്ള ഇടതുമുന്നണി സംയുക്ത മോർച്ച നിർദേശത്തിന് പിന്തുണ നേടാനായില്ല. പാർടി സംവിധാനത്തിനു പുറത്ത് ഇടതു ചിന്താഗതിക്കാരായ വലിയ വിഭാഗത്തിന്റെ വിശ്വാസം നിലനിർത്തുന്നതിൽ വീഴ്ചയുണ്ടായി. വിദ്യാർഥി, യുവജന സംഘടനകളുടെ റെഡ് വളന്റിയേഴ്സിന്റെ സേവനത്തിന് മഹാമാരിക്കാലത്ത് വലിയ പ്രശംസ ലഭിക്കുന്നു. ഇത്തരം സേവനങ്ങൾ വിപുലമാക്കാനും സംസ്ഥാന കമ്മിറ്റി നിർദേശിച്ചു.