കൊൽക്കത്ത
കേന്ദ്ര ബിജെപി സർക്കാരിന്റെ പകപോക്കൽ നീക്കത്തിന് ചുട്ടമറുപടിയുമായി മമത ബാനർജി സർക്കാർ. സർവീസിൽനിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് ഡൽഹിയിലേക്ക് തിരിച്ചുവിളിപ്പിച്ച കേന്ദ്ര തീട്ടൂരം ചീഫ് സെക്രട്ടറി അലാഫൻ ബന്ദോപാധ്യായ പാലിച്ചില്ല. കാലാവധി പൂർത്തിയായതിനു പിന്നാലെ മമത അലാഫനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു.
മൂന്നു വർഷത്തേക്കാണ് നിയമനം. ചീഫ് സെക്രട്ടറിയുടെ സേവനം നേരത്തെ മൂന്നു മാസത്തേക്കുകൂടി നീട്ടിയിരുന്നു. സ്ഥലംമാറ്റത്തെ തുടർന്ന് കാലവധി നീട്ടിയത് നിരസിച്ച അദ്ദേഹം തിങ്കളാഴ്ച വിരമിച്ചു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി അലാഫനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. യാസ് ചുഴലിക്കാറ്റ് ദുരന്തത്തെക്കുറിച്ച് അവലോകനം നടത്താൻ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽനിന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വിട്ടുനിന്നതിനു പിന്നാലെയാണ് സ്ഥലംമാറ്റമുണ്ടായത്. പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര സെക്രട്ടറി ഹരികൃഷ്ണ ദ്വിവേദിയെ നിയമിച്ചു.