ചെന്നൈ
പാർടിയിൽനിന്ന് മാറിനിൽക്കുക എന്നതാണ് ശശികലയ്ക്ക് ജയലളിതയ്ക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമെന്ന് എഐഎഡിഎംകെ കോ–- കൺവീനർ കെ പി മുനുസാമി പറഞ്ഞു. പാർടിയിലേക്ക് തിരിച്ചുവരാൻ തയ്യാറെടുക്കുന്നുവെന്ന ശശികലയുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നതിനോട് പ്രതികരിക്കുകയായിരുന്നു മുന്നുസാമി.
ജയലളിത അത്ര കഷ്ടപ്പെട്ട് വളർത്തിയെടുത്ത പാർടിയാണ് ഇത്. ശശികല പാർടിയോട് അകലം പാലിച്ച് ശാന്തതയോടെ ഇരിക്കുകയാണെങ്കിൽ ജയലളിതയുടെ ആത്മാവിന് ശാന്തി ലഭിക്കും. ശശികല പാർടിയിലേക്ക് തിരിച്ചുവരേണ്ട സാഹചര്യം നിലവിലില്ല. അതിനൊരു സാധ്യതപോലുമില്ല.
അക്കാര്യത്തിൽ ഓരോ എഐഎഡിഎംകെ പ്രവർത്തകനും വ്യക്തതയുണ്ട്. പാർടി ഘടകങ്ങളേയും പ്രവർത്തകരേയും വഴിതിരിച്ചുവിടാനും ആശയക്കുഴപ്പത്തിലാക്കാനുമാണ് ശശികലയുടെ ശ്രമം. അത് വിജയിക്കില്ല–- മുനുസാമി പറഞ്ഞു.