ന്യൂഡൽഹി
വാക്സിൻ ക്ഷാമം രൂക്ഷമായി തുടരവെ കോവിഷീൽഡ് ഒറ്റഡോസില് ഒതുക്കാന് കേന്ദ്രം. ഇതിന്റെ പ്രായോഗികത പഠിക്കാന് നീക്കം തുടങ്ങി. ഒരാൾക്ക് രണ്ട് വ്യത്യസ്ത വാക്സിൻ നല്കുന്നതിനെക്കുറിച്ചും പഠിക്കും. ഒരു മാസത്തിനുള്ളിൽ ഇക്കാര്യം പഠിച്ച് രണ്ടര മാസംകൊണ്ട് റിപ്പോര്ട്ട് തേടും. രണ്ട് വ്യത്യസ്ത വാക്സിന് നൽകിയാലും ഫലപ്രാപ്തിയിൽ കുറവില്ലെന്ന് കണ്ടെത്തിയാൽ വാക്സിനേഷൻ പ്രക്രിയയിൽ മാറ്റം വരുത്തും. യുപിയിൽ നിരവധി പേർക്ക് ആദ്യ ഡോസിൽനിന്ന് വ്യത്യസ്തമായ വാക്സിൻ രണ്ടാം ഡോസായി നൽകി. ഇതിൽ ആശങ്ക വേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
കോവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കൂട്ടിയതിന്റെ അനന്തരഫലം കേന്ദ്രം വൈകാതെ വിലയിരുത്തും. ഒറ്റഡോസ് വാക്സിനായാണ് തുടക്കത്തിൽ കോവിഷീൽഡ് തയ്യാറാക്കിയത്. ഫലപ്രാപ്തി കൂട്ടാന് പിന്നീട് രണ്ട് ഡോസ് ആക്കുകയായിരുന്നു. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡിന്റെ അതേ സാങ്കേതികവിദ്യയാണ് ഒറ്റ ഡോസ് വാക്സിനുകളായ ജോൺസൺ ആൻഡ് ജോൺസണും സ്പുട്നിക് ലൈറ്റും പിന്തുടരുന്നത്.
വാക്സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ കേന്ദ്രം ആപ്പിന് രൂപം നൽകും. കോവിൻ ആപ്പുമായി ലിങ്ക് ചെയ്തുള്ള ഈ ആപ്പിൽ കുത്തിവയ്പ് എടുത്തവർക്ക് തങ്ങളുടെ പ്രശ്നങ്ങൾ എളുപ്പം റിപ്പോർട്ട് ചെയ്യാനാകും. ജൂണിൽ കൂടുതൽ വാക്സിൻ ഡോസുകൾ ലഭ്യമാക്കുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ അധ്യക്ഷതയിൽ ചേർന്ന വാക്സിനേഷൻ വിലയിരുത്തൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വൃദ്ധർക്കും ഭിന്നശേഷിക്കാർക്കുമായി കൂടുതൽ ‘അയൽപ്പക്ക വാക്സിനേഷൻ കേന്ദ്രങ്ങൾ’ തുറക്കണമെന്നും വാക്സിൻ പാഴാക്കൽ പരമാവധി കുറയ്ക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഞായറാഴ്ച വാക്സിൻ കുത്തിവയ്പ്പുകളുടെ എണ്ണം 10.15 ലക്ഷത്തിലേക്ക് കുറഞ്ഞു.