ടൊറന്റോ
തദ്ദേശീയരുടെ നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന് നടത്തിയിരുന്ന സ്കൂളിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് മരിച്ച 215 കുട്ടികൾക്ക് ആദരമർപ്പിച്ച് ക്യാനഡ. എല്ലാ സർക്കാർ ഓഫീസിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിർദേശിച്ചു. ഒട്ടാവയിലെ പാർലമെന്റ് മന്ദിരത്തിലും പതാക താഴ്ത്തിക്കെട്ടി.
1890 മുതൽ 1969 വരെ പ്രവർത്തിച്ച ക്യാംലൂപ്സ് റസിഡൻഷ്യൽ സ്കൂൾ പരിസരത്താണ് മൂന്നുവയസ്സുമുതൽ പ്രായമുള്ള കുട്ടികളെ കുഴിച്ചിട്ടതായി കണ്ടെത്തിയത്. മരിച്ച കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഭീകരതയെ അതിജീവിച്ചവർക്കും ആദരമായാണ് പതാക താഴ്ത്തിക്കെട്ടുന്നതെന്ന് ട്രൂഡോ ട്വീറ്റ് ചെയ്തു. ഫോറൻസിക് പരിശോധനയിലൂടെ കുട്ടികളെ തിരിച്ചറിയാൻ നടപടിയെടുത്തുവരുന്നു.
19–-ാം നൂറ്റാണ്ടുമുതൽ 1970കൾ വരെ ക്യാനഡയിലെ ക്രിസ്ത്യൻ റസിഡൻഷ്യൽ സ്കൂളുകളിൽ നിർബന്ധമായി ചേർത്ത 1.5 ലക്ഷം തദ്ദേശീയ കുട്ടികളിൽ 6000 പേർ മരിച്ചതായാണ് കണക്ക്. മതപരിവർത്തനം ചെയ്യാൻ മാതാപിതാക്കളിൽ നിന്ന് അകറ്റപ്പെട്ട ഇവർ ക്രൂരപീഡനങ്ങൾക്ക് ഇരയായാണ് മരിച്ചത്.