ജറുസലേം
ഇസ്രയേലിൽ ബെന്യാമിൻ നെതന്യാഹുവിന്റെ നീണ്ട ഭരണത്തിന് അവസാനമായേക്കുമെന്ന് സൂചന. നെഫ്താലി ബെന്നറ്റ് ഉൾപ്പെടെയുള്ള മുൻ ചങ്ങാതിമാരും പ്രതിപക്ഷ മുന്നണിക്കൊപ്പം കൈകോർത്തതോടെയാണ് അധികാരത്തിൽ തുടരാനുള്ള നെതന്യാഹുവിന്റെ ശ്രമങ്ങൾക്ക് മങ്ങലേറ്റത്.
തുടർ തെരഞ്ഞെടുപ്പും രാഷ്ട്രീയ അനിശ്ചിതത്വവും അവസാനിപ്പിക്കാൻ ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുമെന്ന് യാമിന പാർടി നേതാവ് നെഫ്താലി ബെന്നറ്റ് വ്യക്തമാക്കി. ഇസ്രയേലിനെ വീണ്ടും ‘ട്രാക്കിലാക്കു’കയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് യായിർ ലാപിഡുമായി സഖ്യചർച്ച നടത്തും. 12 വർഷമായ നെതന്യാഹു ഭരണത്തിന്റെ വിവിധ കാലയളവുകളിൽ പ്രതിരോധമുൾപ്പെടെ കൈകാര്യം ചെയ്ത മന്ത്രിയും അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫുമായിരുന്നു ബെന്നറ്റ്.
അഴിമതി ആരോപണങ്ങളിൽ അന്വേഷണം നേരിടുമ്പോൾ അധികാരവും നഷ്ടമായാൽ അത് നെതന്യാഹുവിന് കനത്ത പ്രഹരമാകും. നിലവിൽ ‘ബിബി’യെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നവരിൽ ഭൂരിഭാഗവും മുമ്പ് അദ്ദേഹത്തെ പിന്തുണച്ചിരുന്നവരാണ്.
ബെന്നറ്റിനും ലാപിഡിനും ചർച്ച പൂർത്തിയാക്കാൻ ബുധനാഴ്ചവരെ സമയമുണ്ട്. രണ്ടുവർഷം വീതം ഇരുവർക്കും പ്രധാനമന്ത്രി സ്ഥാനം പങ്കിടുന്നതിനാണ് ചർച്ചകൾ. ആദ്യ ഊഴം ബെന്നറ്റിനാകും. സർക്കാർ രൂപീകരിക്കാൻ ലാപിഡിന് പ്രസിഡന്റ് റ്യൂവെൻ റിവ്ലിൻ അനുവദിച്ച 28 ദിവസം ബുധനാഴ്ച തീരും. അതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ സർക്കാർ രൂപീകരിക്കാൻ പാർലമെന്റിന് 21 ദിവസം നൽകും. അതും വിജയം കണ്ടില്ലെങ്കിൽ ഇസ്രയേൽ രണ്ടരവർഷത്തിനുള്ളിലെ അഞ്ചാമത്തെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.