തൃശൂർ
കൊടകര കുഴൽപ്പണക്കവർച്ച കേസിലെ പ്രതികൾക്ക് മുറിയെടുത്തു നൽകിയത് ബിജെപി ജില്ലാ ട്രഷറർ സുജയ്സേനൻ പറഞ്ഞിട്ടാണെന്ന് തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയുടെ മൊഴി. തിങ്കളാഴ്ചയാണ് ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീശിനെ തൃശൂർ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്തത്. ഇതോടെ കേസിൽ ബിജെപി ജില്ലാ നേതാക്കളുടെപങ്ക് കൂടുതൽ വ്യക്തമായി. മുറിയെടുത്തു നൽകുമ്പോൾ കുഴൽപ്പണസംഘമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സതീശിന്റെ മൊഴി. നേതാക്കൾ ആവശ്യപ്പെടുമ്പോൾ മുറി വിളിച്ചുപറയാറുണ്ട്. ഏതാനും മാസംമുമ്പുമാത്രമാണ് ഓഫീസ് സെക്രട്ടറിയായത്. സുജയ്സേനന്റെ വിശ്വസ്തൻ പ്രശാന്തിനെയും തിങ്കളാഴ്ച ചോദ്യംചെയ്തു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കെന്നപേരിൽ കൊണ്ടുവന്ന കുഴൽപ്പണം ഏപ്രിൽ മൂന്നിനു പുലർച്ചെയാണ് കൊടകരയിൽ കാർ തടഞ്ഞുനിർത്തി കവർന്നത്.
കോഴിക്കോട്ടുനിന്ന് മൂന്നരക്കോടിയുടെ കുഴൽപ്പണവുമായി വന്ന ധർമരാജനും സംഘത്തിനും ഏപ്രിൽ രണ്ടിനു രാത്രിയാണ് തൃശൂർ ലോഡ്ജിൽ താമസമൊരുക്കിയത്.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് വിളിച്ചുപറഞ്ഞതുപ്രകാരമാണ് മുറി നൽകിയതെന്ന് ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകിയിരുന്നു. രാത്രി ഏഴിനു ശേഷമാണ് മുറിയെടുത്തത്.
പന്ത്രണ്ടോടെ രണ്ടു വാഹനത്തിൽ എത്തിയവർ 215ഉം 216ഉം മുറികളിൽ താമസിച്ചു. ഹോട്ടൽ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷകസംഘം കണ്ടെടുത്തു. നേതാക്കളാണ് താമസ സൗകര്യമൊരുക്കിയതെന്ന് ധർമരാജും മൊഴി നൽകിയിരുന്നു.