വാടാനപ്പള്ളി
കുഴൽപ്പണക്കേസിൽ സമൂഹ്യമാധ്യമങ്ങളിലെ വാക്ക്പോരിനെത്തുടർന്ന് സഹപ്രവർത്തകനെ കുത്തിയ കേസിൽ നാലു ബിജെപിക്കാർ അറസ്റ്റിൽ. വാടാനപ്പള്ളി ഏഴാംകല്ല് സ്വദേശികളായ മേനോത്തുപറമ്പിൽ സഹലേഷ് (22), സഹോദരൻ സഫലേഷ് (20), തൃപ്രയാറ്റ്പുരയ്ക്കൽ വീട്ടിൽ സജിത്ത് (26), ഗണേശമംഗലം പ്രാക്കൻ വീട്ടിൽ ബിപിൻദാസ് (31) എന്നിവരാണ് അറസ്റ്റിലായത്.
റിഷി പൽപ്പു
അതിനിടെ ജില്ലാ നേതാക്കളെ വിമർശിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ഒബിസി മോർച്ച സംസ്ഥാന നേതാവിനെ കൊല്ലുമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പുവാണ് അഡ്വ. കെ ആർ ഹരിക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയതിനു പിന്നാലെ റിഷി പൽപ്പുവിനെ ബിജെപിയിൽനിന്ന് പുറത്താക്കി.
കുഴൽപ്പണക്കേസിലും കത്തിക്കുത്ത് കേസിലും നാണംകെട്ട ബിജെപി ജില്ലാകമ്മിറ്റി പിരിച്ചുവിടണമെന്നായിരുന്നു പൽപ്പുവിന്റെ പോസ്റ്റ്. വിഷയത്തിൽ ജില്ലാട്രഷറർക്കും പഞ്ചായത്ത് മെമ്പർമാർക്കും പങ്കുണ്ടെന്ന് സമൂഹ്യമാധ്യമത്തിൽ കുറിപ്പിട്ടതിന് വാടാനപ്പള്ളിയിലെ ബിജെപി പ്രവർത്തകൻ ഹിരണിനെ ഒപ്പമുള്ളവർ തന്നെ കുത്തിവീഴ്ത്തിയതിന് പിന്നാലെയാണിത്.
കുത്തുകേസിൽ അറസ്റ്റിലായവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതി സഹലേഷാണ് ഹിരണിനെ കുത്തിയത്. കേസിൽ മൂന്നുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.