ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിനെ ഐസിസി ടൂർണമെന്റുകളിൽ തോൽക്കുന്ന ടീമായി കാണാൻ സാധിക്കില്ലെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ അജിത് അഗാർക്കർ. ഇന്ത്യ അവരുടെ എതിരാളികളെ നിസാരമായി കാണുമെന്ന് കരുതുന്നില്ലെന്നും അഗാർക്കർ പറഞ്ഞു. ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് മത്സരം ജൂൺ 18ന് സതാംപ്ടണിൽ നടക്കാനിരിക്കെയാണ് മുൻ ഇന്ത്യൻ താരത്തിന്റെ പ്രതികരണം.
വിരാട് കോഹ്‌ലിയും സംഘവും കിവീസിനെ തോല്പിക്കാനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അഗാർക്കർ പറഞ്ഞു. “ഇന്ത്യൻ ടീം ന്യൂസിലാൻഡ് ടീമിനെ വിലകുറച്ചു കാണുമെന്ന് ഞാൻ കരുതുന്നില്ല. തോല്കുന്നവർ എന്ന പേര് ന്യൂസീലൻഡ് മാറ്റി എന്നാണ് ഞാൻ കരുതുന്നത്. ഏത് ഐസിസി ടൂർണമെന്റുകളും എടുത്ത് നോക്കിക്കോളൂ, ടെസ്റ്റ് ചാമ്പ്യൻഷിപ് ആദ്യമാണ്, എന്നാൽ, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, വേൾഡ് കപ്പ്, ഏതുമായിക്കോട്ടെ, അവർ മുന്നോട്ട് വരും, അവർ എപ്പോഴും അവിടെയുണ്ട്.” അഗാർക്കർ പറഞ്ഞു.
“ഫൈനലിൽ എത്തിയിലെങ്കിലും ക്വാർട്ടർ ഫൈനലിലോ, സെമി ഫൈനലിലോ അവരുണ്ടാകും.ഇത് അവരുടെ സ്ഥിരത ഉറപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ തോറ്റുപോകുന്നവർ എന്ന പേര് പോയി.ചില വലിയ താരങ്ങളും അവർക്കിടയിലുണ്ട്. അതുകൊണ്ട് കൂടിയാണ് അവരെ പ്രിയപ്പെട്ട ടീമായി എല്ലാവരും കാണുന്നത്” അഗാർക്കർ സ്റ്റാർ സ്പോർട്സിന്റെ ഷോ ആയ ക്രിക്കറ്റ് കണക്റ്റഡിൽ പറഞ്ഞു.
Read Also: WTC Final: കാലാശപ്പോരാട്ടം സമനിലയിലെങ്കില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കിരീടം പങ്കിടും
“അതുകൊണ്ട് തന്നെ ഇന്ത്യ അവരെ വിലകുറച്ചു കാണുമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യ ന്യൂസിലാൻഡിൽ പരമ്പര കളിച്ചപ്പോൾ അവർ നല്ല രീതിയിൽ തന്നെ ഇന്ത്യയെ തോല്പിച്ചിരുന്നു. ന്യൂസിലാൻഡിൽ ഉണ്ടായതിനു സമമായ കണ്ടീഷൻ തന്നെയാകും ഇംഗ്ലണ്ടിലും. അവരെ തോൽപ്പിക്കാൻ ഇന്ത്യ വളരെ നന്നായി കളിക്കേണ്ടി വരും.” അഗാർക്കർ കൂട്ടിച്ചേർത്തു.
ജൂൺ 18 മുതൽ 22 വരെയാണ് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കുക. നേരത്തെ, ഫൈനലിൽ ഇന്ത്യയെ നേരിടുന്നതിൽ ആവേശമുണ്ടെന്ന് ന്യൂസിലാന്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പറഞ്ഞിരുന്നു. വിരാട് കോഹ്‌ലിയുടെ സംഘത്തിനെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നത് മനോഹരമായ വെല്ലുവിളിയാണെന്നാണ് ന്യൂസിലാൻഡ് ക്യാപ്റ്റൻ പറഞ്ഞത്.
The post WTC final: ഇന്ത്യ ന്യൂസിലൻഡിനെ വിലകുറച്ചു കാണുമെന്ന് കരുതുന്നില്ല: അഗാർക്കർ appeared first on Indian Express Malayalam.