തിരുവനന്തപുരം
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെടുത്തി കൃഷ്ണദാസ് പക്ഷത്തുള്ളവരുടെ നീക്കത്തിന് തടയിടാൻ കെ സുരേന്ദ്രനോടൊപ്പമുള്ളവരും രംഗത്ത്. കേന്ദ്ര നേതൃത്വത്തിന് പരാതി കൊടുത്തവർ കത്തിന്റെ കോപ്പി പുറത്തുവിടട്ടെയെന്ന വെല്ലുവിളിയാണ് ഔദ്യോഗിക വിഭാഗം നടത്തുന്നത്. കേന്ദ്രമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനുമടക്കമുള്ളവർ പാർടിയെ പത്ത് കൊല്ലംമുമ്പുള്ള അവസ്ഥയിലേക്കെത്തിച്ചെന്നാണ് എതിർപക്ഷത്തിന്റെ വാദം. മുതിർന്ന പല നേതാക്കളും ഇതേ വികാരമാണ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. 400 കോടിയോളം രൂപ കർണാടകത്തിൽനിന്ന് കേരളത്തിലേക്ക് കൊടുത്തുവിട്ടെന്നും അതിൽ നല്ലൊരു ശതമാനം മണ്ഡലങ്ങളിലേക്ക് എത്തുന്നതിനുമുമ്പേ അടിച്ചുമാറ്റി എന്നുമാണ് ആക്ഷേപമുള്ളത്.
ഔദ്യോഗിക നേതൃത്വത്തിൽ ചിലർക്ക് കേന്ദ്ര നേതാക്കളുമായുള്ള ബന്ധത്തിന്റെ ബലത്തിലാണ് സുരേന്ദ്രനടക്കമുള്ളവർ വിമതരെ വെല്ലുവിളിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന് പരാതി കൊടുക്കാൻ ഒരാളും ധൈര്യപ്പെടില്ലെന്നും അങ്ങനെ കൊടുത്തെങ്കിൽ അത് പുറത്തുവിടട്ടേയെന്നും തിരുവനന്തപുരത്തെ ഔദ്യോഗികപക്ഷ നേതാവ് പറഞ്ഞു.എന്നാൽ, കൃഷ്ണദാസ് പക്ഷത്തുള്ളവർ ശക്തമായ നീക്കമാണ് നടത്തുന്നത്. കേന്ദ്ര സഹമന്ത്രിയുടെ അടുത്ത അനുയായിയായ സുനിൽ നായിക്കാണ് പണം കടത്തിയതിന്റെ മുഖ്യ ഇടനിലക്കാരനെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.