കോഴിക്കോട്: തഴക്കവും പഴക്കവുമുള്ളവരെ മുഴുവൻ ഒറ്റയടിക്ക് നീക്കം ചെയ്തു പകരം പുതിയ തലമുറയെ പ്രതിഷ്ഠിക്കുക എന്നത് ചരിത്രപരമായ മണ്ടത്തരമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ. യുവാക്കളുടെ വലിയൊരു നിരയെ ഇത്തവണ തെരഞ്ഞെടുപ്പിൽ ഇറക്കിയെങ്കിലും അവർക്കും പ്രതീക്ഷ നിറവേറ്റാനായില്ല. തലമുറ മാറ്റം മാത്രമാണ് പാർട്ടിക്ക് പരിഹാരം എന്ന പ്രചാരണത്തിന്റെ യുക്തിരാഹിത്യമാണ് ഇതിൽ നിന്ന് ബോധ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റാൽ കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിൽ ചേരുമെന്ന് തെരഞ്ഞെടുപ്പു കാലത്തു വ്യാപകമായി പ്രചാരണം നടന്നിരുന്നു. എന്നാൽ, സംസ്ഥാനത്തു ഏതെങ്കിലും നേതാവോ പ്രവർത്തകനോ ഇതേവരെ ബിജെപിയിൽ ചേർന്നതായി അറിവില്ല. പാർട്ടിയെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്താൻ നടത്തിയ ഈ പ്രചാരണവും നമ്മുടെ തോൽവിയെ സ്വാധീനിച്ച ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാർഥി കൂടിയായിരുന്നു എൻ.സുബ്രഹ്മണ്യൻ.
എൻ.സുബ്രഹ്മണ്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റാൽ കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിൽ ചേരുമെന്ന് തെരഞ്ഞെടുപ്പു കാലത്തു വ്യാപകമായി പ്രചാരണം നടന്നിരുന്നു. . എന്നാൽ, സംസ്ഥാനത്തു ഏതെങ്കിലും നേതാവോ പ്രവർത്തകനോ ഇതേവരെ ബിജെപിയിൽ ചേർന്നതായി അറിവില്ല. പാർട്ടിയെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്താൻ നടത്തിയ ഈ പ്രചാരണവും നമ്മുടെ തോൽവിയെ സ്വാധീനിച്ച ഘടകമാണ്. യു ഡി എഫ് തോറ്റെങ്കിലും നമ്മളും എൽ ഡി എഫും തമ്മിലെ വോട്ടുവ്യത്യാസം നാലു ശതമാനമാണ്.
കോൺഗ്രസും സിപിഎമ്മും തമ്മിലെ വ്യത്യാസം ഒരു ശതമാനത്തിൽ താഴെയും. എന്നാൽ, ഫലം അറിഞ്ഞു ഒരു മാസമായിട്ടും പാർട്ടിയെയും മുന്നണിയെയും ശാക്തീകരിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല. പ്രവർത്തകരെയും അനുഭാവികളെയും അങ്ങേയറ്റം നിരാശപ്പെടുത്തുന്ന ഒന്നാണിത്.
നമ്മുടെ ദൗർബല്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ച് അടിയന്തിര തീരുമാനങ്ങൾ എടുക്കേണ്ട സ്ഥാനത്തു കുറ്റകരമായ മെല്ലെപ്പോക്കാണ് നടക്കുന്നത്. തോറ്റതിന്റെ ഉത്തരവാദിത്തം മുഴുവൻ ഏതാനും നേതാക്കളുടെ തലയിലിട്ടു അവരിൽ കുറ്റം കാണുന്ന പ്രവണത നിർഭാഗ്യകരമാണ്. ഒന്നോ രണ്ടോ നേതാക്കളിലൂടെയല്ല പാർട്ടിയും മുന്നണിയും അധികാരത്തിലെത്തുന്നത്. കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. ജയിക്കുമ്പോൾ അതു സ്വന്തം പ്രാഗൽഭ്യം കൊണ്ടാണെന്നു കരുതുകയും തോൽക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേൽ കെട്ടിയേൽപ്പിക്കുകയും ചെയ്യുന്നത് മര്യാദകേടാണ്. തോൽവി സംഭവിക്കുമ്പോൾ ഏതാനും പേരെ ടാർഗറ്റ് ചെയ്തു അവരെല്ലാം മാറണമെന്ന് വിളിച്ചു കൂവുകയും അതിനായി മാധ്യമങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യുന്നത് അന്തസില്ലായ്മയാണ്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് 20 ൽ 19 സീറ്റുകളും നേടിയപ്പോൾ പാർട്ടിയെയും മുന്നണിയെയും നയിച്ചവർക്കു നമ്മൾ പ്രത്യേകമായി പൂച്ചെണ്ടുകളൊന്നും നൽകിയില്ല . എന്നാൽ, . ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അവരെ തെരഞ്ഞുപിടിച്ചു കല്ലെറിയുന്നു . പിണറായി ശൈലിയിൽ കടക്കു പുറത്തു എന്ന് പറയുന്നു. എന്തൊരു നന്ദികേടാണിത്. പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലും മാറ്റം വേണമെന്ന് ആവശ്യമുന്നയിക്കുന്നതിൽ ഒരു തെറ്റുമില്ല. നമ്മുടേത് ഒരു ജനാധിപത്യ പാർട്ടിയാണ്. അതിനാൽ അത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ പ്രവർത്തകർക്ക് അധികാരമുണ്ട്. എന്നാൽ, പൊതുഇടങ്ങളിൽ വിളിച്ചു കൂവിയല്ല അതു സാധിച്ചെടുക്കേണ്ടത്. പാർട്ടിയെയും മുന്നണിയെയും ഇത്രകാലം നയിച്ചവരെ മാറ്റുമ്പോൾ അതവരെ കൂടി ബോധ്യപ്പെടുത്തി അവരുടെ മനസ്സിൽ മുറിവുണ്ടാക്കാതെ ചെയ്യണം.
അല്ലാത്തപക്ഷം അവരോടു നമ്മൾ അനീതി ചെയ്തെന്ന കുറ്റബോധം ഇന്നല്ലെങ്കിൽ നാളെ നമ്മുടെയൊക്കെ മനസിലുണ്ടാകും.
രാഷ്ട്രീയ കളരിയിൽ തഴക്കവും പഴക്കവുമുള്ളവരെ മുഴുവൻ ഒറ്റയടിക്ക് നീക്കം ചെയ്തു പകരം പുതിയ തലമുറയെ പ്രതിഷ്ഠിക്കുക എന്നത് ചരിത്രപരമായ മണ്ടത്തരമാണ്. ഒരു പാർട്ടിയും അങ്ങിനെ ചെയ്യാറില്ല. . ഘട്ടം ഘട്ടമായ പരിണാമമാണ് ഉണ്ടാകേണ്ടത്. പുതിയ തലമുറയെ ഉൾക്കൊള്ളുന്നതിനൊപ്പം പഴയ തലമുറയുടെ അനുഭവ ജ്ഞാനം കൂട്ടിനുണ്ടാവുകയും വേണം. കഴിഞ്ഞ തവണ സംഘടന പുനഃസംഘടിപ്പിച്ചപ്പോൾ പകുതിയോളം ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ തലപ്പത്തു യൂത്ത് കോൺഗ്രസിൽ നിന്ന് പ്രായപരിധി കഴിഞ്ഞ യുവ നേതാക്കളെയാണ് നിയോഗിച്ചത്. നിയമസഭാ ഫലം പരിശോധിച്ചാൽ അവരുടെ ജില്ലകളിലും കനത്ത തോൽവിയാണു സംഭവിച്ചതെന്ന് കാണാം. യുവാക്കളുടെ വലിയൊരു നിരയെ ഇത്തവണ തെരഞ്ഞെടുപ്പിൽ നമ്മൾ ഇറക്കി. എന്നാൽ, അവർക്കും പ്രതീക്ഷ നിറവേറ്റാനായില്ല.
തലമുറ മാറ്റം മാത്രമാണ് പാർട്ടിക്ക് പരിഹാരം എന്ന പ്രചാരണത്തിന്റെ യുക്തിരാഹിത്യമാണ് ഇതിൽ നിന്ന് ബോധ്യപ്പെടുന്നത്.
സിപിഎമ്മിനെ പോലെ ചിട്ടയായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന , താഴെത്തട്ടിൽ 24 മണിക്കൂറും ചലനാത്മകമായ സംഘടനാ സംവിധാനമുള്ള ഒരു പാർട്ടിയോടാണ് നമ്മൾ പൊരുതുന്നത്. കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമായി കൊണ്ടുനടക്കുന്ന ബിജെപി യെയാണ് നമ്മൾ എതിരിടുന്നത്. അവരുടേതു പോലെയുള്ള സംഘടനാ മെഷിനറിയോ അവർക്കുള്ളത്ര പണമോ നമ്മൾക്കില്ല. രാജ്യത്തെയും സംസ്ഥാനത്തെയും വൻകിട കോർപറേറ്റുകൾ അവരോടൊപ്പമാണ്. ഇത്തവണ ഈ രണ്ടു പാർട്ടികൾ ഒത്തുചേർന്നാണ് നമ്മളെ തോൽപിച്ചത് . രാജ്യത്തു ഒരു കോൺഗ്രസ് മുഖ്യമന്ത്രി കൂടി ഉണ്ടാകരുതെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ശിരസ്സാ വഹിച്ച ആർ എസ് എസ് കേരളത്തിൽ ഈ ലക്ഷ്യം നേടിക്കൊടുക്കാൻ രഹസ്യമായി ചരടുവലികൾ നടത്തിയിരുന്നു. അതോടൊപ്പം യു ഡി എഫിൽ നിന്ന് എൽ ഡി എഫിലേക്കു പോയ രണ്ടു പാർട്ടികൾ , കേരളാ കോൺഗ്രസും എൽ ജെ പിയും അവർക്കു മുതൽക്കൂട്ടായി മാറി. യു ഡി എഫിന്റെ ഉറച്ച വോട്ടു ബാങ്കുകൾ ആയിരുന്ന ക്രിസ്ത്യൻ – മുസ്ലിം വോട്ടുകളിലെ ചോർച്ചയും ഈഴവ വോട്ടുകൾ ഗണ്യമായി ഇടതുപക്ഷത്തേക്ക് ചാഞ്ഞതും നമ്മളെ തോൽപിച്ച ഘടകങ്ങളാണ്. നമ്മളെ പ്രതിപക്ഷത്തു തന്നെ കെട്ടിയിടാൻ ഇടയാക്കിയ ഇത്തരം വിഷയങ്ങൾ ആഴത്തിൽ അപഗ്രഥിച്ചു പരിഹാര മാർഗങ്ങൾ കണ്ടെത്തേണ്ടതിനു പകരം ഏതാനും പേരെ വെടിവെച്ചിട്ടതു കൊണ്ടു കാര്യമില്ല. നമ്മൾക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അതിനു തൊലിപ്പുറത്തെ ചികിത്സ പോരാ. ചതുരംഗ കളത്തിലെ കരുക്കൾ മാറ്റുന്നതു പോലെയല്ലല്ലോ രാഷ്ട്രീയം.