കണ്ണൂർ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ തിരികെ വിളിക്കണമെന്ന പ്രമേയം കേരള നിയമസഭയിൽ അവതരിപ്പിച്ചത് പരിഹാസ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് . പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയിൽ അപക്വമായ നടപടികളാണ് നടക്കുന്നത്. നിയമസഭയെ രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. നിയമസഭയെ ഉപയോഗിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. ലക്ഷദ്വീപിലെ ജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ കേന്ദ്രസർക്കാരിനെയോ സുപ്രീംകോടതിയെയോ സമീപിക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു.
ലക്ഷദ്വീപ് വിഷയത്തിൽ ഒറ്റക്കെട്ടായാണ് നിയമസഭ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.
ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇത് നടപ്പാക്കേണ്ട ഭരണകൂടം ലക്ഷദ്വീപിലെ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ പറഞ്ഞു.