പ്രകൃതിയും സംസ്‌കാരവും സംരക്ഷിച്ച് കൊണ്ടായിരിക്കും ദ്വീപിനെ ടൂറിസ്‌റ്റ് കേന്ദ്രമാക്കുക. ഇതിനായി 5,000 കോടി രൂപയുടെ പദ്ധതികളും പ്രവർത്തനങ്ങളുമാണ് ദ്വീപിൽ നടക്കുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസനത്തിനൊപ്പമാണ് ബിജെപി നിലക്കൊള്ളുന്നതെന്നും ലക്ഷദ്വീപിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് കൂടിയായ അബ്‌ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
ദ്വീപിലെ വികസന പ്രവർത്തനങ്ങൾ തുടരുകയാണ്. കുടിവെള്ള പ്രശ്‌നവും യാത്ര പ്രശ്‌നവും പരിഹരിച്ചു. ഡിജിറ്റൽ സൗകര്യങ്ങളാണ് ദ്വീപ് നിവാസികൾക്ക് ഇനി ആവശ്യം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ പരിഷ്‌കാരണങ്ങൾ വരുത്തേണ്ടത് കേന്ദ്രത്തിൻ്റെ അധികാരമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിഷയത്തിൽ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടന വിരുദ്ധമാണ്. സഭയയുടെ അന്തസ് നശിപ്പിക്കുന്ന നീക്കമായിരുന്നു ഇത്. ദ്വീപിലെ ജനങ്ങൾക്ക് എതിരാണ് പ്രമേയം. കേന്ദ്ര ആഭ്യന്തര വകുപ്പിനെ കേരളം വെല്ലുവിളിക്കുകയാണ്. ബിജെപി വിരോധത്തിൻ്റെ പേരിൽ ലക്ഷദ്വീപ് പ്രശ്‌നത്തിൽ കൈകടത്തുന്ന രീതി ഭരണഘടനാ വിരുദ്ധ പ്രവർത്തനമാണെന്നും അബ്‌ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.
ലക്ഷദ്വീപ് ജനതയ്‌ക്ക് പിന്തുണ നൽകി കേരള നിയമസഭാ ഏകകണ്ഠേന പ്രമേയം പാസാക്കി. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളിൽ നിന്ന് നിക്കം ചെയ്യണമെന്നും ദ്വീപ് നിവാസികളുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നിയമസഭ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 അനുസരിച്ചുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്.