ന്യൂഡല്ഹി> കേന്ദ്രസര്ക്കാരിന്റെ വാക്സിന് നയത്തെ രൂക്ഷമായി വിമര്ശിച്ചും ചോദ്യം ചെയ്തും സുപ്രീം കോടതി.കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്സിന് രണ്ടുവില നല്കേണ്ടി വരുന്നതിനെ കോടതി ചോദ്യം ചെയ്തു. ഒരേ വാക്സിന് രണ്ടുപേര്ക്ക് എങ്ങനെ രണ്ടുവിലകളില് നല്കാന് കഴിയുമെന്നാണ് കോടതി ചോദിച്ചത്.
വാക്സിന് രണ്ടുവില ഈടാക്കുക, വാക്സിന് ക്ഷാമം തുടങ്ങി വാക്സിന് നയത്തിലെ അപാകങ്ങള് ചൂണ്ടിക്കാട്ടിയ കോടതി കേന്ദ്രത്തെ രൂക്ഷമായി വിമര്ശിച്ചു. വാക്സിന് യജ്ഞവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശങ്കകളും പരിഹരിച്ച് പുതിയ സത്യവാങ്മൂലം ഫയല് ചെയ്യാന് രണ്ടാഴ്ചത്തെ സമയാണ് കോടതി കേന്ദ്രത്തിന് നല്കിയിരിക്കുന്നത്.
കേന്ദ്രവും സംസ്ഥാനവും നികുതിദായകരുടെ പണമാണ് വാക്സിന് വാങ്ങുന്നതിനായി ചെലവഴിക്കുന്നത്. അതിനാല് വ്യത്യസ്ത വില ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വാക്കാല് നിരീക്ഷിച്ചു.
‘കേന്ദ്രം നല്കുന്നതിനേക്കാള് കൂടുതല് പണം എന്തിനാണ് സംസ്ഥാനങ്ങള് വാക്സിന് വാങ്ങുന്നതിനായി നല്കേണ്ടത്? വാക്സിന് വില നിര്ണയിക്കാനുളള അധികാരം കേന്ദ്രം എന്തുകൊണ്ടാണ് നിര്മാതാക്കള്ക്ക് വിട്ടത്? രാജ്യത്തിന് വേണ്ടി ഒരു വില ഏര്പ്പെടുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്.’ വില നിര്ണയിക്കാനുളള കേന്ദ്രത്തിന്റെ അധികാരവും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രികള്ക്ക് കൂടുതല് വില നല്കേണ്ടി വരുന്നതും കോടതി നിരീക്ഷിച്ചു. കോവിന് പോര്ട്ടലില് രജിസ്റ്റര് ചെയ്യണമെങ്കില് ഒരാള് ഡിജിറ്റല് അറിവ് ഉളള വ്യക്തിയായിരിക്കണം. അതിനാല് തന്നെ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില് രജിസ്ട്രേഷന് നടക്കില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യം പുഃനപരിശോധിക്കേണ്ടതുണ്ട്.
’45 വയസ്സിന് മുകളിലുളള എല്ലാവര്ക്കും കേന്ദ്രം വാക്സിന് സംഭരിക്കുന്നുണ്ട്. എന്നാല് 18-44 വയസ്സുവരെയുളളവര്ക്ക് വാക്സിന് സംഭരിക്കുന്നതില് വിഭജനം ഉണ്ട്. സംസ്ഥാനങ്ങള്ക്ക് അമ്പതുശതമാനം വാക്സിന് നിര്മാതാക്കളില് നിന്ന് ലഭ്യമാകും. ബാക്കിയുളളത് സ്വകാര്യ ആശുപത്രികള്ക്ക് നല്കണം. എന്താണ് ഇതിന്റെ അടിസ്ഥാനം?
ഒരേവിലയ്ക്ക് വാക്സിന് നല്കണമെന്ന് നിരീക്ഷിച്ച കോടതി ഇതുസംബന്ധിച്ച് ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ഉത്തര്പ്രദേശില് മൃതദേഹം പുഴയിലേക്ക് എറിയുന്ന വാര്ത്തയെ കുറിച്ച് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് നാഗേശ്വര് റാവു ചൂണ്ടിക്കാണിച്ചപ്പോള് ആ വാര്ത്ത പുറത്തുകൊണ്ടുവന്ന മാധ്യമത്തിനെതിരേ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ടോയെന്നറിയില്ലെന്നായിരുന്നു ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പ്രതികരിച്ചത്. കേന്ദ്രത്തിനെതിരേ വലിയ പരിഹാസവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.