തിരുവനന്തപുരം: നന്ദി പ്രമേയ ചർച്ചയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് സിപിഎമ്മിന്റെ ചീഫ്വിപ്പ് കെ.കെ.ശൈലജ. അന്ധവിശ്വാസങ്ങൾക്ക് പിറകേയാണ് കോൺഗ്രസെന്ന് ശൈലജ ടീച്ചർ കുറ്റപ്പെടുത്തി. ചാണകം പൂശിയാൽ കോവിഡിനെ തുരത്താമെന്ന് ബിജെപി മാത്രമല്ല കോൺഗ്രസുകാരും വിശ്വസിക്കുന്നുണ്ട്. ശാസ്ത്രത്തിൽ വിശ്വസിക്കാൻ കഴിയാത്തവരാണ് കോൺഗ്രസും ബിജെപിയുമെന്ന് ശൈലജ പരിഹസിച്ചു.
ശാസ്ത്രത്തെ വിശ്വസിക്കാൻ കഴിയണം. അത് പ്രധാനമാണ്. ജവഹർലാൽ നെഹ്റുവിനെ കോൺഗ്രസ് മറന്നു. അന്ധവിശ്വാസങ്ങളുടെ പിറകേ കോൺഗ്രസ് പോയതിന്റെ പരിണതഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്. ചാണകം പൂശിയാൽ കോവിഡ് മാറുമെന്നുളളത് ബിജെപിയുടെ മാത്രം വിശ്വാസമല്ല. കോൺഗ്രസിലെ ആളുകൾ അത്തരം അന്ധവിശ്വാസങ്ങളിൽ കുടുങ്ങിപോയിരിക്കുകയാണെന്ന്, ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നുളള അനുഭവം കൊണ്ട് നമ്മളെല്ലാവരും ഓർക്കണം. കേരളത്തിലെങ്കിലും നെഹ്റുവിന്റെ ശാസ്ത്രീയ മാർഗങ്ങൾ പിന്തുടരാൻ കഴിയണം. ഞങ്ങൾ നെഹ്റുവായാലും മാർക്സ് ആയാലും അതിലെ നല്ല വശങ്ങൾ സ്വീകരിക്കുന്നവരാണ്. ശൈലജ പറഞ്ഞു.
മുൻ പിണറായി സർക്കാർ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കെ.കെ.ശൈലജ നന്ദിപ്രമേയ ചർച്ച ആരംഭിച്ചത്. ആ അടിത്തറയാണ് ഈ സർക്കാരിന്റെ മുന്നോട്ടുപോക്കിന്റെ ആധാരമെന്നും അവർ പറഞ്ഞു. കിഫ്ബിയിലൂടെ നടത്തിയ അടിസ്ഥാന സൗകര്യ വികസനവും ഇതിന് മുതൽക്കൂട്ടായെന്ന് അവർ ചൂണ്ടിക്കാട്ടി. ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുന്നത്.
ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാൻ വി.ഡി.സതീശന് കഴിയട്ടേയെന്ന് അവർ പറഞ്ഞു.സതീശന്റെ ക്രിയാത്മക നിർദേശങ്ങളെ കോൺഗ്രസ് പിന്തുണച്ചില്ല. പ്രളയം വന്നപ്പോൾ സംഭാവന കൊടുക്കരുത് എന്നുവരെ മുൻ പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷം കേരളത്തിലെ യശസ്സ് തകർക്കാൻ ശ്രമിച്ചെന്നും അവർ കുറ്റപ്പെടുത്തി.














