തൃശൂർ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരിൽ ബിജെപിക്കാർ കടത്തിക്കൊണ്ടുവന്ന കുഴൽപ്പണം കൊടകരയിൽ കവർന്ന കേസിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. ബിജെപി പണമിടപാടുകളുടെ മുഖ്യ ചുമതലക്കാർ സംസ്ഥാന പ്രസിഡന്റും സംഘടനാ ജനറൽ സെക്രട്ടറിയുമാണ്. സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെയും സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെയും ചോദ്യം ചെയ്തു. ഇതിന്റെ തുടർച്ചയായി സംസ്ഥാന പ്രസിഡന്റിന്റെയും മൊഴിയെടുക്കേണ്ടി വരുമെന്ന് അന്വേഷകസംഘം സൂചിപ്പിച്ചു.
കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. പണം കടത്തിയ ആർഎസ്എസ് പ്രവർത്തകൻ ധർമരാജിന്റെ മൊഴിപ്രകാരമാണ് സതീശനെ ചോദ്യംചെയ്യുന്നത്. തൃശൂരിൽ താമസ സൗകര്യമൊരുക്കിയത് സതീശനുൾപ്പെടെ ജില്ലാ നേതാക്കളാണെന്നാണ് മൊഴി. തെക്കൻ ജില്ലയിലെ ബിജെപി എ ക്ലാസ് മണ്ഡലത്തിലേക്കുള്ള പണമാണ് കവർന്നതെന്നാണ് സൂചന. ഒരു എ ക്ലാസ് മണ്ഡലത്തിൽ അഞ്ചുകോടി ഒഴുക്കാനായിരുന്നു തീരുമാനം. എന്നാൽ ഇതിൽ ഒന്നരക്കോടി ഉന്നതനേതാവിന്റെ നിർദേശപ്രകാരം മാറ്റിയെന്നാണ് പുതിയ വിവരം. ചോദ്യം ചെയ്യലിൽ കുഴൽപ്പണവുമായി ബന്ധമില്ലെന്നുള്ള ഒരേ മറുപടിയാണ് എം ഗണേഷ്, ജി ഗീരീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവർ നൽകിയത്. എന്നാൽ പണക്കടത്തുമായി കൂടുതൽ വിവരങ്ങൾ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്ന് കർത്ത വ്യക്തമാക്കിയിരുന്നു. ചോദ്യംചെയ്യലിന് മുന്നോടിയായി ഇവർ പരസ്പരം ഫോണിൽ സംസാരിച്ചതായും വിവരം ലഭിച്ചു. മൂന്നുപേരെയും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യംചെയ്യും. കവർച്ചക്കുശേഷം ജില്ലാ നേതാക്കളിലൊരാൾ വൻപണമിടപാട് നടത്തിയതായും വിവരം ലഭിച്ചു. പണം കൈമാറിയ ബിനാമിയേയും ഉടൻ ചോദ്യംചെയ്യും.
ഹെലികോപ്റ്ററിലും
പണം കടത്തിയതായി
പരാതി
കെ സുരേന്ദ്രന്റെ ഹെലികോപ്ടർ യാത്ര അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ആന്റി പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അധ്യക്ഷൻ ഐസക് വർഗീസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. റോഡിലെ പരിശോധന ഒഴിവാക്കാൻ പണം ഹെലികോപ്റ്റർ വഴി കടത്തിയെന്നാണ് പരാതി.