കോട്ടയം
പുകവലിക്കുന്നവരിൽ കോവിഡ് 19 മാരകമാകുമെന്ന് ചികിൽസയിലെ അനുഭവങ്ങൾ തെളിയിക്കുന്നതായി ആരോഗ്യ വിദഗ്ധർ. ലോകാരോഗ്യ സംഘടനയും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇക്കാര്യത്തിൽ മുന്നറിയിപ്പു നൽകുന്നു. ഈ സാഹചര്യത്തിൽ ഇതിൽ കൂടുതൽ ഊന്നൽ നൽകിയാണ് ഈ വർഷത്തെ ലോക പുകയില വിരുദ്ധദിനം ‘പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്’ എന്ന സന്ദേശത്തോടെ ആചരിക്കുന്നത്.
കോവിഡ് മൂലമുള്ള മരണങ്ങൾക്ക് ശ്വാസകോശ രോഗങ്ങൾ (സിഒപിഡി) പ്രധാന കാരണമാകുന്നുണ്ടെന്ന് ലോക സൈക്യാട്രി അസോസിയേഷൻ മുൻ സെക്രട്ടറി ജനറൽ ഡോ. റോയി ഏബ്രഹാം കള്ളിവയലിൽ പറഞ്ഞു. കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെ ആക്രമിക്കുന്നു. പുകവലി മൂലം ദുർബ്ബലമായ ശ്വാസകോശം രോഗം തീവ്രമാകാൻ ഇടയാക്കും. അത് ന്യൂമോണിയ ആയി മാറാനും രക്ഷപെടുത്താനാകാത്ത സ്ഥിതിയിൽ എത്താനും സാധ്യതയുണ്ട്. കോവിഡ് ബാധിക്കുന്നവരിൽ 85 ശതമാനത്തിനും വളരെ പെട്ടെന്ന് രോഗം ഭേദമാകുന്നു. എന്നാൽ ശ്വാസകോശ രോഗം, കിഡ്നി തകരാർ, അർബുദം തുടങ്ങിയവ ഉള്ള 15 ശതമാനത്തിനാണ് രോഗം ഗുരുതരമാകുന്നത്. കൂടാതെ കീമോതെറാപ്പി ചെയ്യുന്നവർക്കും പൊതുവിൽ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നു കഴിക്കുന്നവർക്കും രോഗം ഗുരുതരമാകാൻ ഇടയുണ്ട്.
പുകവലിക്കുന്നവർക്ക് കോവിഡ് വരാൻ സാധ്യതയില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. പുകയിലയിലെ പുകയിലുള്ള രാസവസ്തുക്കൾ വിവധ തരത്തിലുള്ള രോഗപ്രതിരോധ സെല്ലുകളെഅടിച്ചമർത്തുന്നു. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ പുകവലി തടസപ്പെടുത്തുന്നതോടെ രോഗ പ്രതിരോധശേഷി കുറയുകയും രോഗത്തിനെതിരെ പൊരുതാനുള്ള ശരീരത്തിന്റെ കരുത്ത് നഷ്ടപ്പെടുകയും ചെയ്യും. ഹൃദയക്കുഴൽ രോഗം, അർബുദം, ശ്വാസകോശരോഗങ്ങൾ, പ്രമേഹം എന്നിവ വർധിപ്പിക്കാൻ പുകയില ഉപയോഗം ഇടയാക്കും.
കോവിഡിന്റെ ആവിർഭാവം ദശലക്ഷക്കണക്കിന് ആളുകളെ പുകവലിയിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇന്ത്യയിൽ പ്രായപൂർത്തിയായവരിൽ 34. 6 ശതതമാനം പേർ പുകവലിക്കുന്നവരാണ്.
പുകവലിക്കുമ്പോഴും രോഗം പകരാം
വിരലുകളും രോഗാണു പകർന്ന സിഗരറ്റും ചുണ്ടുമായി സമ്പർക്കത്തിൽ വരുന്നതിനാൽ പുകവലിക്കാരിൽ രോഗം പകരുന്നത് കൂടാൻ സാധ്യത ഏറെയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. പുകയില ഉൽപ്പന്നങ്ങളായ ഖൈനി, ഗുഡ്ക, പാൻ തുടങ്ങിയവ ഉപയോഗിക്കുന്നവർ പൊതു ഇടങ്ങളിൽ തുപ്പുമ്പോൾ കോവിഡ് മാത്രമല്ല, ക്ഷയം അടക്കമുള്ള രോഗങ്ങളും പകരാൻ ഇടയാകുന്നു.