തൃശൂർ
സംസ്ഥാനത്ത് വാർഡുകളുടെ ഡിജിറ്റൽ ഭൂപടം ഒരുങ്ങുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലായി 21,900 വാർഡുകളുടെ ഭൂപടമാണ് ഡിജിറ്റൽ വരയിൽ തെളിയുക. ഇതിൽ 5000ത്തോളം വാർഡും വരകഴിഞ്ഞു. കോവിഡ് പിടിമുറുക്കുമ്പോൾ വാർഡുകൾ തിരിച്ചറിയുന്നതിനും ദൃശ്യവൽക്കരണത്തിനും അടിയന്തര തീരുമാനങ്ങൾക്കും മാപ്പ് സഹായകമാവും. പ്രളയമുൾപ്പെടെ പ്രകൃതിദുരന്തങ്ങളിൽ പെട്ടെന്ന് ഇടപെട്ട് സഹായിക്കാനും ഉപകരിക്കും. ജനങ്ങൾക്ക് ഇത് സ്വതന്ത്രമായി ഉപയോഗിക്കാമെന്നതും സവിശേഷത.
സ്വതന്ത്രഭൂപടങ്ങൾ പരിപാലിക്കുന്ന ഓപ്പൺ സ്ട്രീറ്റ്മാപ്പ് പ്രൊജക്ടിൽ ഒഎസ്എം കേരള കമ്യൂണിറ്റി പ്രവർത്തകരാണ് വരയ്ക്കുന്നത്. ജർമൻ മാപ്പർ ആയ ഹെനിസ്, നവീൻ ഫ്രാൻസിസ്, മനോജ് കരിങ്ങാമഠത്തിൽ, ജയ്സൻ നെടുമ്പാല, അർജുൻ ഗംഗാധരൻ, കെൽവിൻ, ജിനോയ് മഞ്ഞളി, ജോതിഷ് ബാബ്യൂ, അനിൽകുമാർ തുടങ്ങിയവരുൾപ്പെടുന്ന ഓപ്പൺ സ്ട്രീറ്റ്മാപ്പ് കേരള കമ്യൂണിറ്റിയാണ് നേതൃത്വം. ജിയോമൈന്റ്സ് എന്ന സ്റ്റാർട്ടപ്പ് സംരംഭവും ഓപ്പൺഡാറ്റ കേരള, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് തുടങ്ങിയ സംഘടനകളുടേയും പിന്തുണയോടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു.
പഞ്ചായത്തുകളുടെ വിക്കിപീഡിയ പേജുകളിലും കോവിഡ് ഡാറ്റ വിഷ്വലൈസേഷൻ പോർട്ടലുകളിലും പഞ്ചായത്ത്തല മാപ്പുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. opendatakerala.org വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ ജനപങ്കാളിത്തത്തോടെ കൃത്യതയാക്കാനാണ് ശ്രമമെന്ന് മനോജ് കരിങ്ങാമഠത്തിൽ പറഞ്ഞു.