പയ്യന്നൂർ
മുസ്ലീങ്ങൾ കൂടുതൽ താമസിക്കുന്ന നാടാണെങ്കിലും മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നവരാണ് ലക്ഷദ്വീപുകാരെന്ന് നിരവധി യാത്രാവിവരണമെഴുതിയ കെ കെ അസൈനാർ. പയ്യന്നൂർ കവ്വായി സ്വദേശിയായ അസൈനാരുടെ ‘ലക്ഷദ്വീപ് മുതൽ അന്തമാൻ നിക്കോബാർ വരെ’ എന്ന പുസ്തകം ദ്വീപ് സമൂഹത്തിന്റ അവസ്ഥ വിശദീകരിക്കുന്ന കൃതിയാണ്. 1984 മുതൽ 2014 വരെ വിവിധ കാലത്ത് ഇവിടെ താമസിച്ചു പഠിച്ച് തയ്യാറാക്കിയതാണ് പുസ്തകം.
ദ്വീപിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കം ചീഫ് കൗൺസിലർ യു സി കെ തങ്ങൾ, സാഹിത്യകാരൻ കെ ബാഹിർ തുടങ്ങി നിരവധി പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തി അസൈനാർ. കള്ളവും ചതിയുമില്ലാത്ത, നാളികേര കൃഷിയും മത്സ്യബന്ധനവും അടിസ്ഥാനമാക്കി ജീവിക്കുന്ന ജനതയാണിവിടെ. വൻകിടക്കാരില്ലാത്ത, ദരിദ്രരില്ലാത്ത, യാചകരും മതിൽക്കെട്ടുകളുമില്ലാത്ത നാട്. ഇവിടെയുള്ള ജനങ്ങളെ എങ്ങനെയാണ് ഇന്നത്തെ അഡ്മിനിസ്ട്രേറ്റർ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് അസൈനാർ പറഞ്ഞു.
തലതിരിഞ്ഞ പരിഷ്കാരങ്ങൾക്കെതിരെ ശബ്ദിച്ചതിന് ലക്ഷദ്വീപിലെ ആദ്യ നോവലിസ്റ്റ് ഇസ്മത്ത് ഹുസൈനിന്റെ സഹോദരനെയും മകനെയും അറസ്റ്റുചെയ്തതായി അറിയാൻ കഴിഞ്ഞു. ഭീതിയിലും അരക്ഷിതാവസ്ഥയിലും കഴിയുന്ന ലക്ഷദ്വീപ് ജനതയ്ക്കായി ലോക മനസ്സാക്ഷി ഉണരേണ്ടതുണ്ടെന്നും അസൈനാർ പറഞ്ഞു.