കൊല്ലം
യുഡിഎഫിൽ തുടരണോ എന്നതു സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയറ്റ് യോഗം തീരുമാനമെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് മുന്നണി ബന്ധം ഉപേക്ഷിച്ച് ആർഎസ്പി സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന പൊതുഅഭിപ്രായമാണ് നേതൃത്വത്തിനും അണികൾക്കും.
എൽഡിഎഫ് വിട്ടതുമുതൽ ആർഎസ്പിക്കുണ്ടായ തുടർച്ചയായ പരാജയവും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ നിസ്സഹകരണവും നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അണികളിൽ സജീവ ചർച്ചയായിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റിലും തുടർന്ന് സംഘടനാ സമ്മേളനങ്ങളിലെ ചർച്ചകൾക്കുംശേഷമാവും രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുക.
യുഡിഎഫിൽ തുടരുന്നത് പാർടിയുടെ നിലനിൽപ്പ് ഇല്ലാതാക്കുമെന്ന തിരിച്ചറിവിലാണ് നേതാക്കൾ. യുഡിഎഫിലെത്തിയശേഷമുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ആർഎസ്പി കനത്ത പരാജയമാണ് നേരിട്ടത്. തദ്ദേശ–- സഹകരണ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം ഇല്ലാതായി. ആർഎസ്പി വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണെന്നും ചവറയിൽ കോൺഗ്രസ് നിസ്സഹകരിച്ചെന്നും ഷിബു ബേബിജോൺ തുറന്നുപറഞ്ഞിരുന്നു. നേതൃത്വവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയെത്തുടർന്ന് ഷിബു ആറുമാസത്തെ അവധിക്ക് പാർടിക്ക് കത്തും നൽകി.
തെരഞ്ഞെടുപ്പിലെല്ലാം തിരിച്ചടി
കഴിഞ്ഞയാഴ്ച ചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയറ്റിലും യുഡിഎഫ് വിടുന്നത് ചർച്ചയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച നാലുസീറ്റിലും ദയനീയമായി പരാജയപ്പെട്ടു. ചവറയിൽ ഷിബു ബേബിജോൺ തുടർച്ചയായി രണ്ടാംതവണയാണ് തോറ്റത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചവറ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മാത്രമാണ് ജയിക്കാനായത്. മിക്കയിടങ്ങളിലും ആർഎസ്പിക്കെതിരെ കോൺഗ്രസ് റിബൽ സ്ഥാനാർഥിയുമുണ്ടായി. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ വിജയം എൻ കെ പ്രേമചന്ദ്രനെ ചുറ്റിപ്പറ്റിയുള്ളതാണെന്നും പ്രവർത്തകർ പറയുന്നു.