തിരുവനന്തപുരം
കോവിഡ് മഹാമാരിയെത്തുടർന്ന് ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസത്തെ സംബന്ധിച്ച് ബാലസംഘം സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേപഠന റിപ്പോർട്ടും നിർദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് ബാലസംഘം സംസ്ഥാന ഭാരവാഹികൾ സമർപ്പിച്ചു.
2020–21 അധ്യയന വർഷത്തെ ഓൺലൈൻ ക്ലാസ് പൂർത്തിയായതിനുശേഷം മെയ് അഞ്ചുമുതൽ 15 വരെയാണ് സർവേ നടത്തിയത്. ഭാഷാ ന്യൂനപക്ഷം, ഗിരിവർഗം ഉൾപ്പെടെ വ്യത്യസ്ത സാമൂഹ്യ സാംസ്കാരിക സാമ്പത്തിക മേഖലകളിൽ നിന്നുള്ള കുട്ടികൾക്കിടയിലായിരുന്നു സർവേ.
സർവേയിൽ പങ്കെടുത്തവർ പൊതുവെ ഓൺലൈൻ വിദ്യാഭ്യാസത്തെ സ്വാഗതം ചെയ്തു. ഓൺലൈൻ ക്ലാസിനൊപ്പം അതത് വിദ്യാലയങ്ങളിലെ അധ്യാപകരുടെ നിരന്തര മോണിറ്ററിങ്ങും സഹായവും കൂടി ഉറപ്പാക്കേണ്ടതുണ്ടെന്ന് പഠന റിപ്പോർട്ടിന്റെ നിഗമനങ്ങൾ വ്യക്തമാക്കുന്നു. വാർഡ് തലത്തിൽ അധ്യാപകസഹായ സമിതികൾ രൂപീകരിക്കുക, സ്കൂൾതല അധ്യാപകരുടെ നിരന്തര ഇടപെടൽ ഉറപ്പാക്കുക, ഓൺലൈൻ പഠന സമീപനരേഖ തയ്യാറാക്കുക, വിദ്യാഭ്യാസരംഗത്തെ സ്വകാര്യ മൊബൈൽ ആപ്ലിക്കേഷനുകളുടെ കുത്തകവൽക്കരണത്തിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ പാഠഭാഗങ്ങളും അനുബന്ധ പ്രവർത്തനങ്ങളും പഠനേതര പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന മൊബൈൽ ആപ് വിദ്യാഭ്യാസവകുപ്പ് തന്നെ തയ്യാറാക്കി നൽകുക തുടങ്ങിയവ ഉൾപ്പെടുന്നതാണ് നിർദേശങ്ങൾ. ബാലസംഘം സംസ്ഥാന ഭാരവാഹികളായ എസ് ആര്യ രാജേന്ദ്രൻ, സരോദ് ചങ്ങാടത്ത്, അഡ്വ. എം രൺദീഷ് എന്നിവർ ചേർന്നാണ് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.