കൊല്ലം
കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ എംബിബിഎസ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പരീക്ഷയെഴുതിയ വിദ്യാർഥികളെയും പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും ഇൻവിജിലേറ്റർമാരെയും പൊലീസ് ചോദ്യംചെയ്യും. കർണാടക സ്വദേശിയായ ചീഫ് സൂപ്രണ്ട് എ ജി പ്രകാശ്, ഇൻവിജിലേറ്റർമാരായ പ്രകാശിന്റെ ഭാര്യ കെ സാനിയ, എസ് സരിത, ശ്രീദേവി, പരീക്ഷയെഴുതിയ 56 വിദ്യാർഥികർ എന്നിവർ ഹാജരാകാൻ കണ്ണനല്ലൂർ പൊലീസ് അറിയിപ്പ് നൽകി. മൂന്നു വിദ്യാർഥികൾക്കുവേണ്ടി പുറത്തുനിന്നുള്ളവർ പരീക്ഷ എഴുതിയെന്നാണ് സർവകലാശാലയുടെ നിഗമനം. പൊലീസും ഈ വഴിക്കാണ് അന്വേഷണം.
പ്രിൻസിപ്പലിനുവേണ്ടി പരാതിനൽകിയ വൈസ് പ്രിൻസിപ്പൽ റിയാസ് ഷെരീഫിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചില കോളേജ് ജീവനക്കാരെയും ചോദ്യംചെയ്തു. അതിനിടെ പരീക്ഷാഹാളിലെയും പുറത്തെയും സിസിടിവി ക്യാമറകൾ വിദഗ്ധ പരിശോധനയ്ക്കായി സൈബർസെല്ലിന് കൈമാറി. മറ്റാരോ എഴുതിയ ഉത്തരക്കടലാസുകൾ, രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയ സ്ലിപ്പുകൾ, ഹാൾടിക്കറ്റുകൾ എന്നിവ ആരോഗ്യ സർവകലാശാലയോട് രേഖാമൂലം ആവശ്യപ്പെട്ടതായി അന്വേഷക ഉദ്യോഗസ്ഥനായ സിഐ അജിചന്ദ്രൻനായർ പറഞ്ഞു.
കുറ്റാരോപിതരായ വിദ്യാർഥികൾക്കുവേണ്ടി പരീക്ഷ എഴുതിയവർ, അതിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തവർ, സർവകലാശാലയ്ക്ക് അയച്ചുകൊടുത്ത ഉത്തരക്കടലാസിൽ മറ്റാരോ എഴുതിയ ഉത്തരക്കടലാസ് തിരുകിക്കയറ്റിയവർ എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷകസംഘം. ജനുവരി ആറിനു നടന്ന മൂന്നാംവർഷ ഇഎൻടി, ഒഫ്ത്താൽമോളജി, കമ്യൂണിറ്റി മെഡിസിൻ വിഷയങ്ങളിലെ സപ്ലിമെന്ററി പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്. വിദ്യാർഥികളായ നബീൽ സാജിദ്, പ്രണവ് ജി മോഹൻ, മിഥുൻ ജെംസിൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പരീക്ഷാഹാളിൽ ഈ വിദ്യാർഥികൾ എഴുതിയ യഥാർഥ ഉത്തരക്കടലാസുകൾ നശിപ്പിച്ചിട്ടുണ്ടാകാമെന്നും പൊലീസ് കരുതുന്നു. ഇവരിൽ ഒരാൾ 2011ലും മറ്റുരണ്ടുപേർ 2012 ലുമാണ് കോളേജിൽ പ്രവേശനം നേടിയത്. ആൾമാറാട്ടം കണ്ടെത്തിയ ഉടനെ ഇവരെ സർവകലാശാല ഡീബാർ ചെയ്തിരുന്നു. സർവകലാശാല നിർദേശപ്രകാരം ഡയറക്ടർ ഡോ. അനസ് അസീസ്, പ്രിൻസിപ്പലിന്റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പൽ ഡോ. റിയാസ് ഷെരീഫ് എന്നിവരടങ്ങുന്ന ആറംഗ സമിതിയുടെ അന്വേഷണത്തെ തുടർന്നാണ് പരീക്ഷാ ചീഫ് സൂപ്രണ്ടിനും ഇൻവിജിലേറ്റർമാർക്കും എതിരെ നടപടി സ്വീകരിച്ചത്.