പോർട്ടോ
തോമസ് ടുഷെലിന്റെ ചുണക്കുട്ടികൾ പെപ് ഗ്വാർഡിയോളയുടെ സംഘത്തെ പോർട്ടോയിൽ മുക്കി. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ചെൽസി ഒരിക്കൽക്കൂടി മുത്തമിട്ടു. യൂറോപ്യൻ കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റി ഇനിയും കാത്തിരിക്കണം.
ആദ്യപകുതി അവസാനിക്കുന്നതിന് നാല് മിനിറ്റ് മുമ്പ് കയ് ഹവേർട്ട്സെന്ന ജർമൻ യുവതാരം സിറ്റി ഗോൾ കീപ്പർ എഡേഴ്സണെ മറികടന്ന്, ഒഴിഞ്ഞ വലയിലേക്ക് അടിതൊടുത്തപ്പോൾ ചെൽസിയുടെ കിരീടം അവിടെ വിരിഞ്ഞു. ആ ഒരു ഗോളിൽ ആക്രമണക്കളിയുടെ അവകാശവുമായെത്തിയ സിറ്റിയെ അവർ അരിഞ്ഞിട്ടു.നീലക്കുപ്പായക്കാരുടെ രണ്ടാം ചാന്പ്യൻസ് ലീഗ് കിരീടമാണിത്. 2012ൽ ആണ് ചെൽസി ആദ്യമായി കിരീടം ചൂടിയത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ സിറ്റിക്കെതിരെ കൃത്യമായ തന്ത്രവുമായെത്തിയ ചെൽസി കളി നിയന്ത്രിച്ചു. എൻഗോളോ കാന്റെയും മാസൺ മൗണ്ടും കളംനിറഞ്ഞ് ഭരിച്ചപ്പോൾ സിറ്റിയുടെ ആസൂത്രണമൊക്കെ തുടക്കത്തിലേ പൊട്ടിപ്പോയി. ഒന്നാന്തരം പ്രതിരോധമായിരുന്നു ചെൽസിക്ക്. അന്റോണിയോ റൂഡിഗറും കളിക്കിടെ പരിക്കേറ്റ തിയാഗോ സിൽവയ്ക്ക് പകരമെത്തിയ ക്രിസ്റ്റൻസണും പ്രതിരോധ ഹൃദയത്തിൽ നിറഞ്ഞപ്പോൾ സെസാർ അസ്പ്ലിക്യുട്ടയും റീസ് ജയിംസും ബെൻ ചിൽവെല്ലുമെല്ലാം സിറ്റിയുടെ ഓരോ നീക്കത്തെയും മുളയിലേ നുള്ളി. അതിനെക്കാളെല്ലാം മികവായിരുന്നു കാന്റെയുടെ കളിക്ക്. 90 മിനിറ്റിന് അപ്പുറവും നിലയ്ക്കാത്ത എഞ്ചിനായി കാന്റെ ചെൽസിയെ ചലിപ്പിച്ചുകൊണ്ടിരുന്നു. ഫൈനലിലെ താരവും മറ്റാരുമായിരുന്നില്ല.
അമിത ആത്മവിശ്വാസത്തിലെന്ന പോലെയായിരുന്നു സിറ്റി പരിശീലകൻ ഗ്വാർഡിയോള. പ്രതിരോധത്തിന്റെ കൂടെ ചുമതല വഹിക്കുന്ന ഫെർണാണ്ടിന്യോയ്ക്കും റോഡ്രിക്കും ആദ്യ പതിനൊന്നിൽ സ്ഥാനമുണ്ടായില്ല. ആക്രമണം മാത്രമായിരുന്നു ലക്ഷ്യം. കളി ആസൂത്രകൻ കെവിൻ ഡി ബ്രയ്നെ ഗോളടിക്കാനുള്ള ചുമതല നൽകി, മധ്യനിരയെ യുവതാരം ഫിൽ ഫോദനെ ഏൽപ്പിച്ചു. കൂട്ടന് ബെർണാഡോ സിൽവയും ഇകായ് ഗുൺഡോവനും. ഡി ബ്രയ്ന് ആശയം നഷ്ടപ്പെട്ടപ്പോൾ സിൽവയും ഗുൺഡോവനും ലക്ഷ്യബോധമില്ലാതെ കളത്തിൽ അലഞ്ഞു.
പ്രത്യാക്രമണവുമായി ചെൽസി ആദ്യ ഘട്ടങ്ങളിൽതന്നെ സിറ്റിക്ക് അപായസൂചന നൽകിയതാണ്. ചിൽവെല്ലും മൗണ്ടും വാണ ഇടതുപാർശ്വം ക്രോസുകളുടെയും ഒന്നാന്തരം പാസുകളുടെയും ഉത്ഭവമേഖലയായി. മധ്യഭാഗത്ത് നിന്നുതന്നെ നീക്കങ്ങളുടെ മുനയൊടിക്കാൻ കഴിവുള്ള ഒരു കളിക്കാരന്റെ അഭാവം സിറ്റിയെ നന്നായി ബാധിച്ചു.
രണ്ട് തവണയാണ് ആദ്യ ഘട്ടങ്ങളിൽ സിറ്റി ഗോൾമുഖത്തേക്ക് അപകടകരമായി പന്തെത്തിയത്. രണ്ട് തവണയും ചെൽസി മുന്നേറ്റക്കാരൻ ടിമോ വെർണെർക്ക് പിഴച്ചു. ഒരു തവണ മൗണ്ട് നൽകിയ പന്ത് ഗോൾമുഖത്ത് വച്ച് വെർണെർ നേരെ ഗോൾ കീപ്പർ എഡേഴ്സന്റെ കൈയിലേക്ക് അടിച്ചു. ഇതിനിടെ തിയാഗോ സിൽവ പരിക്കുകാരണം കളംവിട്ടെങ്കിലും ക്രിസ്റ്റൻസൺ ആ അഭാവം ചെൽസിയെ അറിയിക്കാതെ നോക്കി.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പ് ചെൽസിയുടെ അധ്വാനങ്ങൾക്ക് ഫലം കിട്ടി. മൗണ്ട് സിറ്റി പ്രതിരോധത്തെ പിളർത്തി പാസ് തൊടുത്തു. ഹവേർട്ട്സിന്റെ കാലുകളിലേക്ക്. സിറ്റി പ്രതിരോധത്തിന് ഓടിയടുക്കാനായില്ല. എഡേഴ്സൺ ബോക്സ് വിട്ട് കയറിവന്നു. ഹവേർട്ട്സ് എഡേഴ്സണെ വെട്ടിച്ച് ബോക്സിന് അകത്തേക്ക്. പിഴച്ചില്ല ഈ ജർമൻകാരന്. വൻതുക മുടക്കി കൊണ്ടുവന്ന ഈ മുന്നേറ്റക്കാരൻ ഏറ്റവും ആവശ്യമായ ഘട്ടത്തിൽ ഗർജിക്കുകയായിരുന്നു. ചാന്പ്യൻസ് ലീഗിൽ ഹവേർട്ട്സിന്റെ ആദ്യഗോളായിരുന്നു ഇത്.
രണ്ടാംപകുതി ചെൽസി പ്രതിരോധത്തിൽ നങ്കൂരമിട്ടു.കളി കൃത്യമായി ആസൂത്രണം ചെയ്തു. സിറ്റിക്ക് പഴുത് കിട്ടിയില്ല. ഇതിനിടെ കെവിൻ ഡി ബ്രയ്ൻ പരിക്കേറ്റ് മടങ്ങിയത് അവരെ കൂടുതൽ ക്ഷീണിപ്പിച്ചു. ഫോദിന്റെ ഗോളിലേക്കുള്ള നീക്കത്തെ റൂഡിഗർ നുള്ളിയെറിഞ്ഞപ്പോൾ ബോക്സിലേക്കുളള സിറ്റിയുടെ അപകടകരമായ ക്രോസിനെ അസ്പ്ലിക്യുട്ടയും നിർവീര്യമാക്കി.
മുന്നേറ്റക്കാരൻ റഹീം സ്റ്റെർലിങ്ങിനെ ജയിംസ് കൃത്യമായി കൈകാര്യം ചെയ്തു. സ്റ്റെർലിങ്ങിനെയും ബെർണാഡോ സിൽവയെയും പിൻവലിച്ചു. ഗബ്രിയേൽ ജെസ്യൂസും ഫെർണാണ്ടീന്യോയുമെത്തി. കളിക്ക് അൽപ്പമെങ്കിലും സന്തുലനം നൽകിയത് ഫെർണാണ്ടീന്യോയുടെ വരവാണ്. സിറ്റി കുപ്പായത്തിൽ അവസാന മത്സരത്തിന് ഇറങ്ങിയ സെർജിയോ അഗ്വേറോയ്ക്കും ഗോളിലേക്കെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ചെൽസിയുടെ വീറിന് മുന്പിൽ സിറ്റി നമിച്ചു.