ന്യൂഡൽഹി
ഉയർന്ന വിലയ്ക്ക് വാക്സിന് കൂട്ടത്തോടെ വാങ്ങാൻ സ്വകാര്യസ്ഥാപനങ്ങളെ അനുവദിക്കുന്ന കേന്ദ്രനയം രാജ്യത്ത് വാക്സിൻ അസമത്വം രൂക്ഷമാക്കുന്നു. വാക്സിൻ നേരിട്ട് സംഭരിക്കാൻ സംസ്ഥാനങ്ങൾ പെടാപ്പാട്പെടുമ്പോള് സ്വകാര്യ ആശുപത്രികൾക്കും കമ്പനികള്ക്കും അവ ഇഷ്ടംപോലെ വാങ്ങാം. ജീവനക്കാർക്കും കുടുംബക്കാർക്കും അടക്കം 13 ലക്ഷം പേര്ക്ക് റിലയന്സ് സൗജന്യ വാക്സിൻ പ്രഖ്യാപിച്ചു. മറ്റു വന്കിട സ്ഥാപനങ്ങളും സമാന നീക്കത്തില്. പ്രമുഖ സ്വകാര്യ ഹോട്ടൽ ശൃംഖല വാക്സിന് കുത്തിവയ്ക്കാനും വിശ്രമത്തിനുമടക്കം 2999 രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് രംഗത്തെത്തി.
ദുർബല–-പിന്നോക്കവിഭാഗങ്ങളിലെ കോടിക്കണക്കലൊളുകൾക്ക് സംസ്ഥാനങ്ങൾ സൗജന്യമായി നൽകുന്ന കുത്തിവയ്പ്പാണ് ആശ്രയം. എന്നാൽ, സംസ്ഥാനങ്ങൾക്ക് വേണ്ടത്ര സംഭരിക്കാനാകുന്നില്ല. ഉയർന്നവിലയ്ക്ക് സ്വകാര്യസ്ഥാപനങ്ങള്ക്ക് വാക്സിന് വില്ക്കാനാണ് നിര്മാതാക്കള്ക്ക് താല്പ്പര്യം. റിലയന്സ് ഇതിനകം മൂന്നര ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകി. ശേഷിക്കുന്നവർക്ക് ജൂൺ പകുതിയോടെ ആദ്യ ഡോസ് നല്കും.
കുത്തിവയ്പ് പാക്കേജ് വേണ്ടെന്ന്സ്വകാര്യ ഹോട്ടലുകളിൽ കുത്തിവയ്പ് അനുവദനീയമല്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. 2999 രൂപയുടെ പാക്കേജ് പ്രഖ്യാപനം വിവാദമായതോടെയാണ് കേന്ദ്രനീക്കം. താമസം, കുത്തിവയ്പ്, പ്രഭാത–-രാത്രി ഭക്ഷണങ്ങൾ, ഡോക്ടറുടെ സേവനം, വൈഫൈ എന്നിവയടങ്ങുന്ന പാക്കേജാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.