ക്യാംലൂപ്സ്
ക്യാനഡയിൽ തദ്ദേശീയർക്കായി നടത്തിയ ഏറ്റവും വലിയ സ്കൂൾ പ്രവർത്തിച്ചിരുന്ന ഇടത്തുനിന്ന് 215 കുട്ടികളുടെ ശരീരാവശിഷ്ടം കണ്ടെത്തി. സ്കൂൾ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്ന മൃതദേഹങ്ങൾ റഡാറിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. ഇതിൽ മൂന്നുവയസ്സുമുതലുള്ള കുട്ടികളുണ്ട്. പരിസരങ്ങളിലായി കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയെന്ന് അധികൃതർ. നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന്റെ ഇരകളാണിവർ.
പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച്- 1970കൾ വരെയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. – ക്യാനഡയിലെ തദ്ദേശ വിഭാഗങ്ങളിലെ 1.5 ലക്ഷം കുട്ടികൾ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സ്കൂളുകളിൽ നിർബന്ധിത വിദ്യാഭ്യാസം നേടണമായിരുന്നു. 1890മുതൽ 1969 വരെ പ്രവർത്തിച്ച ക്യാംലൂപ്സ് ഇൻഡ്യൻ റസിഡൻഷ്യൽ സ്കൂൾ ഇത്തരത്തിലുള്ള ഏറ്റവും വലിയ വിദ്യാഭ്യാസ–- മതപരിവർത്തന സ്ഥാപനമായിരുന്നു. കുട്ടികൾക്ക് മാതൃഭാഷയിൽ സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. അച്ഛനമ്മമാരുമായി ആശയവിനിമയം അനുവദിച്ചിരുന്നില്ല. ശാരീരിക, ലൈംഗിക പീഡനം പതിവായിരുന്നു. ഇത്തരം സ്കൂളുകളിൽ പഠിച്ച ആറായിരം കുട്ടികൾ മരിച്ചെന്നാണ് കണക്ക്.
കുട്ടികൾക്കുണ്ടായ ദുരവസ്ഥയ്ക്ക് കനേഡിയൻ സർക്കാർ 2008ൽ പാർലമെന്റിൽ ക്ഷമാപണം നടത്തി. 3200 കുട്ടികളെങ്കിലും പീഡനത്തിനിരയായി മരിച്ചെന്ന് അഞ്ചുവർഷം മുമ്പ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. ക്യാംലൂപ്സിൽമാത്രം 1915മുതൽ 63വരെ 51 കുട്ടികൾ മരിച്ചു. 1969നുശേഷം കത്തോലിക്കാ സഭയിൽനിന്ന് സർക്കാർ സ്കൂൾ ഏറ്റെടുത്തു. 1978ൽ പൂട്ടി.