ചെന്നൈ > മുതിര്ന്ന സിപിഐ എം നേതാവും സ്ത്രീവിമോചനപോരാളിയുമായ മൈഥിലി ശിവരാമന് (81) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. അഖിലേന്ത്യാ മഹിളാ അസോസിയേഷന് മുന് ദേശീയ വൈസ് പ്രസിഡന്റായിരുന്നു. അല്ഷിമേഴ്സ് രോഗത്തെ തുടര്ന്ന് കഴിഞ്ഞ പത്ത് വര്ഷത്തോളമായി ചികിത്സയിലായിരുന്നു അവര്. കുറച്ചു ദിവസങ്ങള്ക്ക് മുന്പ് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കരുണാകരനാണ് ഭര്ത്താവ്. മകള്: പ്രൊഫ. കല്പന കരുണാകരന്. ബാലാജി സമ്പത്ത് മരുമകനാണ്.
പോരാട്ടത്തിന്റെ പെണ്മുഖമാണ് മൈഥിലി ശിവരാമന്. ദളിതര്ക്കും പാര്ശ്വവല്ക്കരിക്കപ്പെട്ടവര്ക്കും വേണ്ടി നടത്തിയ പ്രവര്ത്തനങ്ങള് അവിസ്മരണീയമാണ്. 1989 ഡിസംബര് 25നുണ്ടായ കീഴ്വെണ്മണി കൂട്ടക്കൊലയിലെ ഇരകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം നയിച്ചത് മൈഥിലിയാണ്. അന്ന് സിപിഐ എം നേതൃത്വത്തില് നടന്ന ഭൂസമരത്തില് പങ്കെടുത്ത 44 പേരെയാണ് സവര്ണ ഭൂഉടമകള് ചുട്ടുകൊന്നത്. ബഹുഭൂരിപക്ഷവും ദളിതര്. വലതുരാഷ്ട്രീയപാര്ടികളും മാധ്യമങ്ങളും ഭൂവുടമകള്ക്കൊപ്പം നിന്നപ്പോള് സത്യം മൂടിവയ്ക്കാന് ശ്രമമുണ്ടായി. അണ്ണാദുരൈ ഭരണത്തിന്റെ പൊള്ളയായ ദളിത് സ്നേഹം തുറന്നുകാട്ടി മൈഥിലി പുസ്തകമെഴുതി. യാഥാര്ഥ്യങ്ങള് ലോകത്തോട് വിളിച്ചുപറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്ക്കായി സിപിഐ എം നടത്തിയ സമരത്തിനൊപ്പം നിന്നു.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനില് റിസര്ച്ച് അസിസ്റ്റായി പ്രവര്ത്തിച്ച മൈഥിലി, ഇന്ത്യയിലെ സ്ത്രീസമരങ്ങളുടെ മുന്നിലേക്കെത്തിയത് ജനാധിപത്യ മഹിളാ അസോസിയേഷനിലൂടെയാണ്. ദീര്ഘകാലം സംഘടനയുടെ പ്രസിഡന്റായി. തമിഴ്നാട്ടിലെ പെണ്കള് സംഘത്തിന്റെ സജീവ പ്രവര്ത്തക. ‘വാചാതി കേസി’ലും ഇരകള്ക്ക് നീതി നേടിക്കൊടുക്കാന് മുന്നില്നിന്നു.
1992ല് ചന്ദനമരം കടത്തിക്കൊണ്ടുപോയി എന്ന പേരില് വാചാതിയിലെ ഗിരിവര്ഗ ഗ്രാമത്തില് തമിഴ്നാട് വനം, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര് ആക്രമണം അഴിച്ചുവിട്ടു. വീടുകള് നശിപ്പിച്ചു. കന്നുകാലികളെ കൊന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിരയായവര്ക്ക് നീതി ലഭിക്കാനായും മൈഥിലി ശക്തമായി നിലകൊണ്ടു.