തിരുവനന്തപുരം
തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള അഴിച്ചുപണി ചെറുക്കാൻ ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് ഗ്രൂപ്പ് നേതൃത്വം. പരസ്പരം പോരടിച്ചുനിന്നിരുന്ന എ–-ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി ഹൈക്കമാൻഡിന്റെ നിലപാടുകളെ എതിർക്കുയാണ്. ഇപ്പോൾ ഒന്നിച്ചുനിന്നില്ലെങ്കിൽ പിന്നെ പാർടിയിൽ ഒരു റോളുമുണ്ടാകില്ലെന്ന തിരിച്ചറിവിലാണ് എ–-ഐ ഗ്രൂപ്പുകളുടെ ഈ ഐക്യം. കെപിസിസി അധ്യക്ഷനായി തുടരാനാഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമാക്കിയിട്ടും തുടർനടപടിയൊന്നും സ്വീകരിക്കാനാകാത്ത ഗതികേടിലാണ് എഐസിസി നേതൃത്വം.
ഗ്രൂപ്പുകളെ കണക്കിലെടുക്കാതെ വി ഡി സതീശനെ പ്രതിപക്ഷനേതാവാക്കിയതോടെയാണ് ഹൈക്കമാൻഡിനെതിരെ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം ആരംഭിച്ചത്. കെപിസിസി പ്രസിഡന്റായും ഇത്തരത്തിൽ ഒരാളെ നിയോഗിച്ചാൽ സംസ്ഥാനത്ത് പാർടി നെടുകേ പിളരുമെന്നാണ് മുതിർന്ന നേതാക്കളുടെ മുന്നറിയിപ്പ്. ഹൈക്കമാൻഡിന്റെ താൽപ്പര്യപ്രകാരമെടുക്കുന്ന തീരുമാനങ്ങളുടെ ഭവിഷ്യത്ത് തങ്ങളുടെ മേൽ കെട്ടിവയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകി. കെ സുധാകരനെതിരെ എ–-ഐ ഗ്രൂപ്പുകൾ സംയുക്തമായി നീങ്ങാൻ ധാരണയായിരുന്നു. ഐ ഗ്രൂപ്പിന്റെ പിന്തുണയോടെ ബെന്നി ബഹന്നാന്റെ പേര് നിർദേശിക്കാനായിരുന്നു ധാരണ. പക്ഷേ, എ ഗ്രൂപ്പ് കെ ബാബുവിന്റെ പേരും ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. രമേശ് ചെന്നിത്തലയ്ക്കൊപ്പം മുല്ലപ്പള്ളി രാമചന്ദ്രനും കടുത്ത നീരസം പ്രകടമാക്കി രംഗത്തെത്തിയതോടെ ചേരിപ്പോര് പുതിയ തലത്തിലേക്കെത്തി.
പടിയിറങ്ങിപ്പോകാൻ
അറിയാഞ്ഞിട്ടല്ലെന്ന് മുല്ലപ്പള്ളി
പരാജയപ്പെട്ട ദിവസം പടിയിറങ്ങിപ്പോകാൻ അറിയാഞ്ഞിട്ടല്ലെന്നും നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ ഇട്ടിട്ടുപോയ ആളെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കാനാണ് തുടർന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതിക്കുമുന്നിൽ ഹാജരാകാൻ സൗകര്യമില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. എല്ലാ കാര്യങ്ങളും വ്യക്തമാക്കി എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വേണമെങ്കിൽ അതിന്റെ പകർപ്പ് ചവാൻ സമിതിക്ക് നൽകാമെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം സോണിയ ഗാന്ധിക്ക് കത്തയച്ചെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.