ന്യൂഡൽഹി
കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് കേന്ദ്രം. കുട്ടികൾക്ക് 18 വയസ്സ് തികയുംവരെ പ്രതിമാസ സ്റ്റൈപെൻഡ് നൽകും. 23 വയസ്സാകുമ്പോൾ പിഎംകെയർ നിധിയിൽനിന്ന് 10 ലക്ഷം രൂപ നൽകും. പുസ്തകത്തിനും യൂണിഫോമിനുമുള്ള ചെലവ് സർക്കാർ വഹിക്കും. 18 വയസ്സുവരെ അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസുണ്ടാകും.
10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമീപമുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ പ്രവേശനം ഉറപ്പാക്കും. 11–-18 പ്രായക്കാര്ക്ക് സമീപമുള്ള കേന്ദ്ര റസിഡൻഷ്യൽ സ്കൂളിൽ (നവോദയ, സൈനിക് സ്കൂൾ) പ്രവേശനം. മാതാപിതാക്കളുടെ അച്ഛനമ്മമാരുടെയോ കുടുംബത്തിന്റെയോ സംരക്ഷണയിൽ കുട്ടികൾ തുടരുകയാണെങ്കിൽ ഏറ്റവും സമീപമുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ പ്രവേശനം ഉറപ്പാക്കും.
വരുമാനമുള്ള അംഗത്തെ നഷ്ടമായ കുടുംബത്തിന് പെൻഷൻ
കോവിഡ് കാരണം വരുമാനമുള്ള അംഗങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പെൻഷനും മെച്ചപ്പെട്ട ഇൻഷുറൻസ് നഷ്ടപരിഹാരവും നൽകുമെന്ന് കേന്ദ്രസർക്കാർ. തൊഴിൽപരമായ അപകടങ്ങളാൽ മരിച്ചവരുടെ ആശ്രിതർക്ക് പെൻഷൻ അനുവദിക്കുന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ഇഎസ്ഐസി) പദ്ധതിയുടെ ആനുകൂല്യം ഇത്തരം കുടുംബങ്ങള്ക്ക് ലഭ്യമാക്കും. 2020 മാർച്ച് 24 മുതൽ 2022 മാർച്ച് 24 വരെയുള്ള കോവിഡ് മരണങ്ങള്ക്ക് ഇത് ബാധമാകും.
നിലവിലെ ചട്ടപ്രകാരം തൊഴിലാളിയുടെ ശരാശരി ദിവസക്കൂലിയുടെ 90 ശതമാനത്തിന് തുല്യമായ തുകയാണ് ആശ്രിതർക്ക് പെൻഷനായി നല്കുന്നത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം (ഇഡിഎൽഐ) പദ്ധതിയും കോവിഡ് കാരണം വരുമാനമുള്ള അംഗങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൂടി ബാധമാക്കും. പരമാവധി ഇൻഷുറൻസ് ആനുകൂല്യം ആറ് ലക്ഷത്തിൽനിന്ന് ഏഴുലക്ഷമാക്കും. 2.5 ലക്ഷം മിനിമം ഇൻഷുറൻസ് ആനുകൂല്യമെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കും. 2020 ഫെബ്രുവരി 15 മുതൽ മുൻകാല പ്രാബല്യത്തോടെ അടുത്ത മൂന്ന് വർഷത്തേക്ക് ഇത് ബാധകമാക്കും. കരാർ, കാഷ്വൽ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാൻ ഒരേ സ്ഥാപനത്തിൽ തുടർച്ചയായി ജോലി ചെയ്യണമെന്ന വ്യവസ്ഥ കൂടുതൽ ഉദാരമാക്കി. മരണത്തിന് മുമ്പുള്ള 12 മാസക്കാലയളവിൽ ജോലി മാറിയവരുടെ കുടുംബങ്ങൾക്കും ആനുകൂല്യം നൽകുമെന്നും സർക്കാർ അറിയിച്ചു. ഈ നടപടിയുടെ വിശദമായ മാർഗരേഖ തൊഴിൽമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
ഡൽഹി മലയാളികൾ
മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കോവിഡ് വ്യാപനത്തിൽ ബുദ്ധിമുട്ടുന്നവർക്ക് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച ധനസഹായം കേരളത്തിന് പുറത്തുള്ള അർഹരായ മലയാളികൾക്ക് കൂടി ലഭ്യമാക്കണമെന്നഭ്യര്ഥിച്ച് ഡൽഹി മലയാളികൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ ഡൽഹിയിലെ മലയാളികൾക്ക് അതിനെ തരണം ചെയ്യാന് സംവിധാനം ഒരുക്കണം. നോർക്കയുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. കപൂർത്തല പ്ലോട്ടും ട്രാവൻകൂർഹൗസും ഉൾപ്പെടുത്തി സാംസ്കാരികസമുച്ചയം നിർമിക്കണം. കെഎസ്എഫ്ഇ ബ്രാഞ്ച് ഡൽഹിയിലും തുടങ്ങണം.
കേരളാബാങ്കിന്റെ പ്രയോജനം ദേശീയ തലസ്ഥാന മേഖലയിലും ലഭ്യമാക്കണം. തലസ്ഥാനത്തെ മലയാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ കോർകമ്മിറ്റി രൂപീകരിക്കണം. കേരളാഹൗസ് കോൺഫറൻസ് ഹാൾ വാടക കുറയ്ക്കണം–- തുടങ്ങിയ ആവശ്യങ്ങളും ഡൽഹി–-എൻസിആർ മലയാളികൾക്ക് വേണ്ടി ജനസംസ്കൃതി നൽകിയ നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.