തിരുവനന്തപുരം
വിദേശത്ത് ആസ്ട്രസനക്ക വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് സംസ്ഥാനത്തുനിന്ന് കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാം. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രണ്ടാം ഡോസിനായി രജിസ്റ്റർ ചെയ്യണം. തുടർന്ന് ആദ്യ ഡോസിന്റെ വിവരങ്ങൾ കോവിൻ സൈറ്റിൽ ചേർക്കുകയും രണ്ടാം ഡോസ് നൽകിയ വിവരം രേഖപ്പെടുത്തിയതിനുശേഷം കോവിൻ സൈറ്റിൽനിന്ന് അന്തിമ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യും.
തൊഴിൽ, പഠന ആവശ്യങ്ങൾക്കായി വിദേശത്ത് പോകുന്നവർക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ സൗകര്യവും സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/ വെബ്സൈറ്റിൽ ലഭ്യമാകും. അപേക്ഷകർ യാത്രാ വിവരത്തിന്റെ രേഖകൾ അപ്ലോഡ് ചെയ്യണം.നേരത്തെതന്നെ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് വെബ്സൈറ്റ് സന്ദർശിച്ച് വാക്സിനേഷൻ സർട്ടിഫിക്കറ്റ് (ഗോയിങ് എബ്രോഡ്) തെരഞ്ഞെടുത്ത് സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റിനായും അപേക്ഷിക്കാം. സംശയങ്ങൾക്ക് ദിശ: 1056, 104