തിരുവനന്തപുരം
ജപ്തി നടപടിമൂലം കിടപ്പാടം നഷ്ടപ്പെടുന്നത് തടയാൻ നിയമനിർമാണത്തിന്റെ കരട് രൂപീകരണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. ധന അഡീഷൺ ചീഫ് സെക്രട്ടറി ഡോ. ആർ കെ സിങ്, കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ പി വിശ്വനാഥൻ എന്നിവർ അംഗങ്ങളാണ്. ആസൂത്രണ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു കൺവീനറാകും. ജൂലൈ 15നകം റിപ്പോർട്ട് ലഭ്യമാക്കാനാണ് നിർദേശം.
എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കുന്ന പ്രഖ്യാപിത നയവുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ്, ജപ്തിമൂലം പലർക്കും കിടപ്പാടം നഷ്ടപ്പെടുന്ന വിവരം പുറത്തുവരുന്നത്.
വായ്പ തിരിച്ചടവ് കുടിശ്ശിക വരുത്തിയവർ, വായ്പ എടുത്തശേഷം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ എന്നിവരെല്ലാം ജപ്തി നടപടികളാൽ കിടപ്പാടം നഷ്ടമാകുന്നവരുടെ പട്ടികയിൽപ്പെടുന്നു. ഇത് സ്വാഭാവിക പൗരാവകാശത്തിന്റെ നിഷേധമായാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിൽ ആകെയുള്ള കിടപ്പാടം നഷ്ടമാകുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകരുതെന്ന് നിഷ്കർഷിക്കുന്നതാണ് നിർദിഷ്ട നിയമം. അങ്ങനെയുണ്ടായാൽ, കുടുംബത്തിന് നിശ്ചിത അളവിൽ കിടപ്പാടം നിയമപ്രകാരം ഉറപ്പാക്കുന്നതും സർക്കാർ പരിഗണിക്കുന്നു.