തിരുവനന്തപുരം
സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയ കോവിഡ് രോഗികൾക്കുവേണ്ടി സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത് 132.61 കോടി രൂപ. 263 സ്വകാര്യ ആശുപത്രിയാണ് കോവിഡ് ചികിത്സയ്ക്ക് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി (എസ്എച്ച്എ) എംപാനൽ ചെയ്തത്. ഇതിലൂടെ അരലക്ഷത്തോളംപേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി.
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്), കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) പദ്ധതികൾ നടപ്പാക്കാൻ രജിസ്റ്റർചെയ്ത സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഒരു വർഷം പൂർത്തീകരിക്കുമ്പോഴാണ് ഈ നേട്ടം. കോവിഡ് മഹാമാരിയിലും തടസ്സമില്ലാതെ ശ്രദ്ധേയസേവനം നൽകിയ എസ്എച്ച്എയുടെ ജീവനക്കാരെ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. സംസ്ഥാനത്ത് ഇതുവരെ 709 സ്വകാര്യ ആശുപത്രിയിലാണ് എസ്എച്ച്എ സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. മൂന്ന് ലക്ഷം രൂപയിൽ കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയുടെ ആനുകൂല്യവും എസ്എച്ച്എ വഴി ലഭ്യമാണ്.
2020 ജൂലൈ ഒന്നുമുതലാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നേരിട്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയത്. അനുദിനം വർധിക്കുന്ന ചികിത്സാച്ചെലവ് പരിഹരിക്കാനുള്ള നിർണായക ചുവടുവയ്പായിരുന്നു ഇത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇ കാർഡ് രജിസ്ട്രേഷൻമുതൽ ഡിസ്ചാർജുവരെ എല്ലാ സേവങ്ങളും എല്ലാ എംപാനൽ ആശുപത്രികളിലെയും ഹൈടെക് കിയോസ്കുകളിൽ ലഭ്യമാണ്. ഇതിന് 2000ത്തോളം മെഡിക്കൽ കോഓർഡിനേറ്റർമാരും പ്രവർത്തിക്കുന്നു. രണ്ടുലക്ഷം രൂപയുടെവരെ ചികിത്സാ സഹായം എസ്എച്ച്എയിലൂടെ ലഭ്യമാകും. വൃക്ക രോഗികൾക്ക് മൂന്നുലക്ഷം രൂപവരെ അനുവദിക്കും.