ലിസ്ബൺ
യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിൽ എതിർത്തട്ടക ഗോൾ നിയമം ഒഴിവാക്കും. 1965 മുതൽ ഈ രീതിയാണ്. ഇരുപാദ മത്സരങ്ങളിൽ എതിരാളികളുടെ തട്ടകത്തിൽ കൂടുതൽ ഗോൾ നേടുന്ന ടീമിന് മുൻതൂക്കം നൽകുന്നതാണ് ഈ നിയമം. കളി സമനിലയായാൽ എതിർത്തട്ടകത്തിൽ നേടിയ ഗോളിന്റെ ആനുകൂല്യത്തിലായിരിക്കും ജയം.
യുവേഫ എക്സിക്യൂട്ടീവ് സമിതിയുടേതാണ് അന്തിമ തീരുമാനം.
തീരുമാനം അനുകൂലമായാൽ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ്, യൂറോപ കോൺഫറൻസ് ലീഗ് എന്നിവയിൽ ഈ നിയമം ഒഴിവാക്കപ്പെടും. ഇക്കുറി ചാമ്പ്യൻസ് ലീഗിൽ യുവന്റസ്, ബയേൺ മ്യൂണിക്ക് ടീമുകൾ പുറത്തായത് എതിർത്തട്ടക ഗോൾ നിയമപ്രകാരമായിരുന്നു.