മുംബൈ
കോവിഡ് കാരണം നിർത്തിവെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ സെപ്തംബറിൽ യുഎഇയിൽ പുനരാരംഭിക്കാൻ തീരുമാനം. സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാകും ബാക്കി 31 കളികൾ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾബോഡിന്റെ പ്രത്യേക യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. സെപ്തംബറിൽ മഴയായതിനാൽ ഇന്ത്യയിൽ കളി പുനരാരംഭിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.
ട്വന്റി 20 ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം ജൂലൈയിൽ കൈക്കൊള്ളും. ഒരു മാസം കൂടി കാത്തിരിക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ അനുമതി തേടും. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ലോകകപ്പ് നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്ത് കോവിഡ് കുറയുന്ന സാഹചര്യത്തിൽ ലോകകപ്പ് സാധ്യമാകുമെന്നാണ് വിലയിരുത്തൽ.