പാരിസ്
കളിമൺ കളത്തിൽ വീണ്ടും ആവേശം നിറയുന്നു. ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് ഇന്ന് റൊളാങ്ഗാരോസിൽ തുടക്കം. കോവിഡ് കാരണം കഴിഞ്ഞ വർഷം ഒക്ടോബറിൽ നടത്തിയ ഈ ഗ്രാൻഡ് സ്ലാം പോര് ഇക്കുറി പാരിസിലെ വസന്തകാലത്ത് തന്നെ തുടങ്ങുന്നു. രാത്രിയിലാണ് മത്സരങ്ങൾ. ഫ്രഞ്ച് ഓപ്പണിന് കാലങ്ങളായി ഒരു പേരാണ്‐ റാഫേൽ നദാൽ. 13 തവണ ഈ ചുവന്ന മണ്ണിൽ നദാൽ കിരീടമുയർത്തി. മറ്റൊരാൾക്കും സ്വപ്നം കാണാനാകാത്ത നേട്ടം. കഴിഞ്ഞ വർഷം കോവിഡ് കാലത്തിനിടയിൽ നൊവാക് യൊകോവിച്ചിനെ തകർത്തായിരുന്നു ഈ സ്പാനിഷുകാരന്റെ കിരീടനേട്ടം. 2005 മുതൽ തുടങ്ങിയ ജൈത്രയാത്രയിൽ മൂന്ന് വർഷം മാത്രമാണ് വിള്ളലുണ്ടായത്. 2009, 2015, 2016 വർഷങ്ങളിൽ മാത്രം. ഇക്കുറിയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
ഇത്തവണ കിരീടം നേടിയാൽ മറ്റൊരു നേട്ടവും നദാലിന്റെ പേരിലാകും. ആധുനിക ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം നേടുന്ന താരം. സ്വിസ് താരം റോജർ ഫെഡററുടെ റെക്കോഡ് മറികടക്കും. നിലവിൽ ഇരുവർക്കും 20 വീതം ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ്. പരിക്കുകാരണം ഫെഡറർ കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ കളിച്ചിരുന്നില്ല.
നദാൽ, ഒന്നാം റാങ്കുകാരൻ യൊകോവിച്ച്, ഫെഡറർ എന്നീ വമ്പൻമാർ ഒരിടവേളയ്ക്കുശേഷം വീണ്ടും ഒന്നിച്ചിറങ്ങുന്നു. മൂവരും ഒരേ പകുതിയിലാണ്. അതിനാൽ ക്വാർട്ടറിലും സെമിയിലും പരസ്പരമുളള പോരാട്ടങ്ങൾ കാണാം. ഫൈനലിലെ മുഖാമുഖമുണ്ടാകില്ല. നാൽപ്പതാം വയസിലേക്ക് അടുക്കുന്ന ഫെഡറർക്ക് ഫ്രഞ്ച് ഓപ്പണിൽ വലിയ നേട്ടങ്ങളില്ല. യൊകോവിച്ചിന് ജയിച്ചാൽ 19 ഗ്രാൻഡ് സ്ലാം കിരീടമാകും. ആദ്യ റൗണ്ട് മൂവർക്കും കടുപ്പമാകില്ല.
രണ്ടാം റാങ്കുകാരൻ റഷ്യയുടെ ഡാനിൽ മെദ്വെദെവ് സീഡിങ്ങിൽ നദാലിനെക്കാൾ മുന്നിലാണ്. ഇരുപത്തഞ്ചുകാരനായ മെദ്വെദെവിന് റൊളാങ്ഗാരോസിൽ ഇതുവരെ നിരാശ മാത്രമാണ്. ഇവിടെ കളിക്കുന്നതിന്റെ അതൃപ്തിയും റഷ്യക്കാരൻ പ്രകടിപ്പിച്ചിരുന്നു. നാലാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീം 2018, 2019 വർഷങ്ങളിൽ നദാലിനോട് കിരീടപ്പോരിൽ തോറ്റ താരമാണ്. കളിമൺക്കളത്തിൽ നദാലിനെ വെല്ലുവിളിക്കാൻ കഴിയുന്ന കളിക്കാരനാണ് ഈ ഇരുപത്തേഴുകാരൻ. കഴിഞ്ഞ വർഷം യു എസ് ഓപ്പൺ ചൂടി ആദ്യ ഗ്രാൻഡ് സ്ലാമും ഈ ഓസ്ട്രിയക്കാരൻ സ്വന്തമാക്കി.
വമ്പൻ അട്ടിമറിക്ക് കരുത്തുള്ള മറ്റൊരു താരമാണ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്. കഴിഞ്ഞ വർഷം യൊകോവിച്ചുമായുള്ള ഐതിഹാസിക സെമി പോരിൽ കീഴടങ്ങിയ ഈ ഇരുപത്തിരണ്ടുകാരൻ ഈ വർഷം ബാഴ്സലോണയിലെയും ല്യോണിലെയും കളിമൺ കളങ്ങൾ ജയിച്ചാണ് എത്തുന്നത്.
വനിതകളിൽ പോളണ്ടിന്റെ കൗമാരതാരം ഇഗ സ്വാടെക് കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്. ഈ മാസമാദ്യം ഇറ്റാലിയൻ ഓപ്പൺ നേടിയ ഇഗ റാങ്കിങ് പട്ടികയിൽ ഒമ്പതാമതാണ്. ഒന്നാം റാങ്കുകാരിയും 2019ലെ ചാമ്പ്യനുമായ ഓസ്ട്രേലിയയുടെ ആഷ്ലിബാർട്ടിയാണ് ഇഗയ്ക്ക് വെല്ലുവിളി. രണ്ടാം സീഡ് ജപ്പാന്റെ നവോമി ഒസാക്കയ്ക്കും കളിമൺക്കളത്തിൽ താൽപര്യക്കുറവുണ്ട്. ഇതുവരെയായി മൂന്നാം റൗണ്ട് കടക്കാൻ ഈ ഇരുപത്തിമൂന്നുകാരിക്ക് കഴിഞ്ഞില്ല.
മുപ്പത്തൊന്പതുകാരിയായ സെറീന വില്യംസ് 24‐ാം ഗ്രാൻഡ് സ്ലാം കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. മുൻ ചാന്പ്യനും മൂന്നാം റാങ്കുകാരിയുമായ സിമോണ ഹാലെപ്പ് പരിക്കുകാരണം പിന്മാറി