വാഷിങ്ടൺ
അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ ‘ക്വാഡ്’ ഇൻഡോ പസഫിക് മേഖലയിലുണ്ടായിരുന്ന വലിയ വിടവ് നികത്തിയെന്ന് ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്ശങ്കർ. ഓസ്ട്രേലിയയും ജപ്പാനും ഭാഗമായ ചതുർ രാഷ്ട്ര സമിതിയിലെ അംഗത്വത്തെപ്പറ്റി ഇന്ത്യക്ക് വ്യക്തമായ ധാരണയുണ്ടെന്നും അമേരിക്ക സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞു.
ജോർജ് ബുഷ് ജൂനിയർ പ്രസിഡന്റായിരിക്കെ 2007ലാണ് അമേരിക്ക ചൈനക്കെതിരെ ‘ക്വാഡി’ന് രൂപം നൽകിയത്. കെവിൻ റഡ് പ്രധാനമന്ത്രി ആയിരിക്കെ ഓസ്ട്രേലിയ പിൻവാങ്ങിയതോടെ സഖ്യം തകർന്നു. പിന്നീട് അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം 2017ലാണ് പുനരുജ്ജീവിപ്പിച്ചത്.
‘ആശയത്തെക്കുറിച്ച് കൃത്യമായ ധാരണയോടെയാണ് ഏത് രാജ്യവും ഏത് സമിതിയിലും അംഗമാകുന്നത്. ഇന്ത്യ ക്വാഡിൽ അംഗമാണ്. അതിനെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ട്. നാവിക സുരക്ഷ, സാങ്കേതിക വിഷയങ്ങൾ, ഗതാഗതം, വിഭവ വിതരണം തുടങ്ങിയ വിഷയങ്ങളെല്ലാം ക്വാഡ് ചർച്ച ചെയ്യുന്നു. അതിനൊപ്പം, നിരവധി മറ്റ് വിഷയങ്ങളുമുണ്ട്. ഒരേ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും ഇതിന്റെ ഭാഗമാകാം’–- ജയ്ശങ്കർ പറഞ്ഞു.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ എന്നിവരുമായും ജയ്ശങ്കർ ക്വാഡ് വിഷയം ചർച്ച ചെയ്തു.
മാർച്ച് 12ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിൽ വെർച്വലായി നടന്ന ക്വാഡിന്റെ ആദ്യ നേതൃയോഗത്തിൽ ഇന്ത്യൻ, ഓസ്ട്രേലിയൻ, ജപ്പാൻ പ്രധാനമന്ത്രിമാർ പങ്കെടുത്തു. മേഖല ‘സ്വതന്ത്രവും ആരോഗ്യകരവും ജനാധിപത്യപരവുമായി’ നിലനിൽക്കുന്നെന്ന് ഉറപ്പാക്കുമെന്ന് യോഗം തീരുമാനിച്ചു. മറ്റുള്ളവരുടെ താൽപ്പര്യങ്ങൾ ഹനിക്കുകയല്ല, മേഖലയിൽ സമാധാനം ഉറപ്പാക്കുകയാകണം ക്വാഡിന്റെ ലക്ഷ്യമെന്ന് ചൈന പ്രതികരിച്ചിരുന്നു.
ജയ്ശങ്കറുമായി ഇന്ത്യയിലെ കോവിഡ് സാഹചര്യവും ഇന്ത്യ–- ചൈന അതിർത്തിയിലെ സാഹചര്യങ്ങളും ചർച്ച ചെയ്തെന്ന് ബ്ലിങ്കൻ പറഞ്ഞു. കോവിഡ് രണ്ടാം തരംഗം നേരിടാൻ അമേരിക്ക നൽകിയ സഹായങ്ങൾക്ക് ജയ്ശങ്കർ നന്ദി പറഞ്ഞു.