കേംബ്രിഡ്ജ്
നായകളിൽ കാണപ്പെടുന്ന കൊറോണ വൈറസ് മനുഷ്യരിൽ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. മലേഷ്യയിലെ ആശുപത്രിയിൽ ന്യൂമോണിയ ബാധിതരായ എട്ടുപേരിലാണ് ഇത് കണ്ടെത്തിയത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
കോവിഡ്–- 19ന് കാരണമാകുന്ന സാർസ്കോവ്2 നായകളിൽ കാണുന്ന കൊറോണ വൈറസിൽനിന്ന് വ്യത്യസ്തമാണ്. കൊറോണ വൈറസ് കുടുംബത്തെ നാല് ഗ്രൂപ്പായി തിരിക്കാം–- ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ. സാർസ്കോവ്2 ബീറ്റ വിഭാഗത്തിലും നായകളിൽ കാണുന്നത് ആൽഫ വിഭാഗത്തിലുംപെടുന്നതാണ്. 50 വർഷത്തോളമായി നായകളിലെ കൊറോണ വൈറസിനെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് അറിയാം. മനുഷ്യരിൽ സ്ഥിരീകരിക്കുന്നത് ആദ്യമാണ്.
എല്ലാത്തരം കൊറോണ വൈറസിനെയും ഒരു പരിശോധനയിൽ കണ്ടെത്താൻ സഹായിക്കുന്ന പാൻകോവ് പരിശോധന സംവിധാനം വികസിപ്പിക്കാൻ മലേഷ്യയിലെ ആശുപത്രിയിൽനിന്ന് 192 പേരുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് എട്ടുപേരിൽ ഇത് സ്ഥിരീകരിച്ചത്. നാലുപേരിലാണ് ആദ്യം കണ്ടെത്തിയത്. ആശുപത്രിയിലെ നാലുപേർക്കുകൂടി പിന്നീട് സ്ഥിരീകരിച്ചു. ഇത് പകരുന്നതിന് തെളിവില്ല.