ന്യൂഡൽഹി
രാജ്യത്തെ 13 ജില്ലയിലെ മുസ്ലിങ്ങൾ ഒഴികെയുള്ള അഭയാർഥികൾക്ക് പൗരത്വം നൽകാൻ ആഭ്യന്തരമന്ത്രാലയം നടപടി ആരംഭിച്ചത് 2009ല് ഇറക്കിയ ചട്ടങ്ങൾ പ്രകാരം. 2019ൽ മോഡിസർക്കാർ കൊണ്ടുവന്ന പൗരത്വനിയമഭേദഗതി(സിഎഎ)യ്ക്ക് ഇതുവരെ ചട്ടം രൂപീകരിച്ചിട്ടില്ല. 2009ൽ നിലവിൽവന്ന ചട്ടങ്ങൾപ്രകാരം പൗരത്വം നൽകാനാണ് ഇപ്പോഴത്തെ നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിൽ പറയുന്നു. എന്നാൽ, മുസ്ലിം സമുദായത്തെ ഒഴിവാക്കി പൗരത്വത്തിന് അപേക്ഷ സ്വീകരിക്കാന് ഈ ചട്ടങ്ങളിൽ വ്യവസ്ഥയില്ല.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളില്നിന്നെത്തി ഗുജറാത്തിലെ വഡോദര, രാജ്കോട്ട്, മോർബി, പത്താൻ, ഛത്തീസ്ഗഢിലെ ദുർഗ്, ബലോദബസാർ, രാജസ്ഥാനിലെ ജലോർ, ഉദയ്പുർ, പാലി, ബാർമർ, സിറോഹി, ഹരിയാനയിലെ ഫരീദാബാദ്, പഞ്ചാബിലെ ജലന്ധർ ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജയിൻ, ക്രൈസ്തവ വിഭാഗത്തിലുള്ളവര്ക്ക് പൗരത്വം നല്കാനാണ് അപേക്ഷ ക്ഷണിച്ചത്. ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരോ കലക്ടർമാരോ ആണ് തുടർനടപടിയെടുക്കേണ്ടത്.
ചതി: യെച്ചൂരി
ചതിയിലൂടെ സിഎഎ നടപ്പാക്കാനാണ് കേന്ദ്രശ്രമമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. സിഎഎയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി തീർപ്പ് കൽപ്പിച്ചിട്ടില്ല. പിൻവാതിൽ വഴി സിഎഎ നടപ്പാക്കാനുള്ള ശ്രമം സുപ്രീംകോടതി ഇടപെട്ട് തടയുമെന്ന് പ്രതീക്ഷിക്കുന്നതായി യെച്ചൂരി ട്വീറ്റ് ചെയ്തു.