തിരുവനന്തപുരം
മഴക്കാല പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി ജൂൺ അഞ്ചിനും ആറിനും നടത്തുന്ന ജനകീയ ശുചീകരണത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് 5000 രൂപ അധികമായി അനുവദിക്കുമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ. ഇതു സംബന്ധിച്ച ഉത്തരവ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി.
പഞ്ചായത്തിന് നിലവിൽ ചെലവഴിക്കാവുന്ന തുക 25,000ൽ നിന്ന് 30,000 രൂപയാക്കി ഉയർത്തി. നഗരസഭയ്ക്ക് ചെലവഴിക്കാവുന്ന തുക 30,000 എന്നത് 35,000 ആക്കി ഉയർത്തിയതായും മന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ മഴക്കാല പകർച്ചവ്യാധികളെ ചെറുക്കാനായി നടത്തുന്ന ശുചീകരണ പ്രവർത്തനത്തിൽ 20 ലക്ഷം പേർ അണിനിരക്കുമെന്നും മന്ത്രി പറഞ്ഞു.
തൽക്കാലം
മദ്യഷാപ്പുകൾ തുറക്കില്ല: മന്ത്രി
ലോക്ഡൗൺ നീക്കി സാധാരണനില കൈവരുന്നതുവരെ സംസ്ഥാനത്ത് മദ്യഷാപ്പുകൾ തുറക്കില്ലെന്ന് തദ്ദേശഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. ബെവ്ക്യു ആപ് വഴി മദ്യവിതരണം ആലോചിച്ചിട്ടില്ലെന്നും സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ മന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തമാക്കും. ഉറവിട മാലിന്യസംസ്കരണ സംവിധാനങ്ങൾ തുടർന്നുകൊണ്ടുതന്നെ കേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് പദ്ധതികൾ തയ്യാറാക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയാണ് തദ്ദേശസ്ഥാപനങ്ങളുടെ അടിയന്തര ചുമതല. മൂന്നാംതരംഗം നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ഇനി വേണ്ടത്. കുടുംബശ്രീയിലെ അഭ്യസ്തവിദ്യരായ യുവതികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.